പെര്‍ത്തില്‍ താമസിക്കുന്ന അനീഷ്-കൃഷ്ണദേവി ദമ്പതികളാണ് മകന്റെ രോഗാവസ്ഥയുടെ പേരില്‍ രാജ്യം വിടാനുള്ള ഭീഷണി നേരിട്ടത്.
എന്നാല്‍ ഇവരുടെ സങ്കടം എ.ബി.സി അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ഇമിഗ്രേഷന്‍ മന്ത്രി ആന്‍ഡ്രൂ ഗില്‍സ് വിഷയത്തില്‍ ഇടപെടുകയും കുടുംബത്തിന് സ്ഥിരതാമസാവകാശം അനുവദിക്കുകയുമായിരുന്നു.
മാര്‍ച്ച് 15ന് മുന്‍പ് കുടുംബം ഓസ്ട്രേലിയ വിടണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. തൃശൂര്‍ സ്വദേശിയായ അനീഷ് കൊല്ലിക്കര ടെലി കമ്യൂണിക്കേഷന്‍സിലും, ഭാര്യ കൃഷ്ണദേവി സൈബര്‍ സെക്യൂരിറ്റി വിഭാഗത്തിലുമാണ് ജോലി ചെയ്യുന്നത്.
ദമ്പതികള്‍ക്ക് രണ്ടു മക്കളാണുള്ളത്. 10 വയസുകാരന് ആര്യനും എട്ടുവയസുകാരി ആര്യശ്രീയും. ഡൗണ്‍ സിന്‍ഡ്രോം എന്ന രോഗാവസ്ഥയുമാണ് ആര്യന് ജനിച്ചുവീഴുന്നത്. എങ്കിലും തന്റെ പരിമിതികളെ മറികടന്ന് മിടുക്കനായാണ് ആര്യന് വളരുന്നത്
നാലംഗ കുടുംബം സ്ഥിര താമസ വിസയ്ക്കായി അപേക്ഷിച്ചെങ്കിലും നിരസിച്ചിരിക്കുകയായിരുന്നു.
ഡൗണ്‍ സിന്‍ഡ്രോം ബാധിതനായ കുട്ടിയുടെ പരിപാലനം ഓസ്ട്രേലിയയിലെ നികുതിദായകന് അധിക ഭാരമാകുമെന്ന കാരണം പറഞ്ഞാണ് കുടുംബത്തോട് രാജ്യം വിടാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്.
ഇതോടെ ഓസ്ട്രേലിയയിലെ സാഹചര്യങ്ങളുമായി ഏറെ ഇണങ്ങിച്ചേര്‍ന്ന മകന്റെ നിലനില്പിനായുള്ള പോരാട്ടത്തിലായിരുന്നു ദമ്പതികള്‍.
ബുധനാഴ്ച ഉച്ചയോടെയാണ് കുടുംബത്തിന് സ്ഥിരതാമസാവകാശം ലഭിച്ചതായുള്ള ഔദ്യോഗിക അറിയിപ്പ് ലഭിക്കുന്നത്. കുടുംബത്തില്‍ ലഭിച്ച മന്ത്രിയുടെ കത്തില്‍, ആര്യന്റെ കേസ് താന്‍ വ്യക്തിപരമായി അവലോകനം ചെയ്തതായും പൊതുതാല്‍പ്പര്യത്തിന്റെ പേരില്‍ തന്റെ അധികാരം വിനിയോഗിച്ച് കുടുംബത്തിന് സ്ഥിരതാമസാവകാശം നല്കാന് തീരുമാനിച്ചതായും മന്ത്രി ആന്‍ഡ്രൂ ഗില്‍സ് പറഞ്ഞു.
വിസ അനുവദിക്കുന്നതിലൂടെ കുടുംബാംഗങ്ങള്‍ക്ക് ഓസ്ട്രേലിയന്‍ പൗരന്മാരാകാനും കുടുംബത്തിന് മെഡികെയറിന്റെ പരിരക്ഷയും ലഭിക്കും.
കുടുംബത്തിന് ഓസ്ട്രേലിയയില്‍ തുടരാനായി മലയാളികള്‍ അടക്കം നിരവധി ആളുകളുടെയും സംഘടനകളുടെയും പിന്തുണ ലഭിച്ചിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ഒപ്പുശേഖരണം അടക്കം വലിയ ക്യാമ്പെയ്നും നടന്നു.
Follow this link to join ‘ഓസ് മലയാളം’ WhatsApp group: OZMALAYALAM WhatsApp Group 3