കൊച്ചി> രാജ്യത്ത് സ്വർണാഭരണങ്ങൾക്ക് നിലവിലുള്ള ഹാൾമാർക്കിന് പകരം കൊണ്ടുവന്ന പുതിയ ഹാൾമാർക്ക് യൂണീക് ഐഡന്റിഫിക്കേഷൻ (എച്ച്യുഐഡി) എന്ന തിരിച്ചറിയൽ കോഡ് നിർബന്ധമാക്കുന്നു. ഏപ്രിൽ ഒന്നുമുതൽ അക്ഷരങ്ങളും അക്കങ്ങളും അടങ്ങുന്ന ഈ ആറക്ക കോഡ് ഇല്ലാത്ത ആഭരണങ്ങളുടെ വിൽപ്പന അനുവദിക്കില്ലെന്നാണ് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം പറയുന്നത്.
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാർഡേർഡ്സിന്റെ (ബിഐഎസ്) ഔദ്യോഗിക മുദ്ര, സ്വർണത്തിന്റെ പരിശുദ്ധി വ്യക്തമാക്കുന്ന മുദ്ര, എച്ച്യുഐഡി കോഡ് എന്നിവയാണ് 31നുശേഷം വിൽക്കുന്ന ആഭരണങ്ങളിൽ ഉണ്ടാകേണ്ടത്. മന്ത്രാലയം കർശന നിലപാട് എടുത്തിരിക്കുന്നതിനാൽ നിലവിൽ നാലക്ക ഹാൾമാർക്കിങ് മുദ്രവച്ചിട്ടുള്ള പുതിയ ആഭരണങ്ങൾ വിൽക്കാൻ വ്യാപാരികൾ അത് ഒഴിവാക്കി എച്ച്യുഐഡി പതിപ്പിക്കേണ്ടിവരും.
രണ്ട് ഗ്രാമിൽ കൂടുതൽ തൂക്കമുള്ള ആഭരണങ്ങൾക്കാണ് എച്ച്യുഐഡി നിർബന്ധമാക്കുന്നത്. 40 ലക്ഷം രൂപയിൽ താഴെ വാർഷിക വിറ്റുവരവുള്ളവർക്ക് നിലവിൽ ബിഐഎസ് ലൈസൻസ് ആവശ്യമില്ലെങ്കിലും എച്ച്യുഐഡി മുദ്രയുള്ള ആഭരണങ്ങൾ വിൽക്കണമെങ്കിൽ അവരും ലൈസൻസ് എടുക്കേണ്ടിവരും. എന്നാൽ, ഉപയോക്താക്കളുടെ പക്കലുള്ള സ്വർണം വിൽക്കാൻ എച്ച്യുഐഡി ആവശ്യമില്ല.
2021 ജൂൺമുതലാണ് രാജ്യത്ത് ഹാൾമാർക്കിങ് കൊണ്ടുവന്നത്. ജൂലൈയിൽ എച്ച്യുഐഡിയും ഏർപ്പെടുത്തിയെങ്കിലും വ്യാപാരി സംഘടനകളുടെ ആവശ്യപ്രകാരം കാലാവധി നീട്ടി നൽകുകയായിരുന്നു. എന്നാൽ, കേരളത്തിലെ സ്വർണാഭരണ കടകളിൽ മിക്കതിലും സ്റ്റോക്കുള്ളതിൽ പകുതി ആഭരണങ്ങളും നാലക്ക ഗുണമേന്മാ മുദ്രയുള്ളതാണെന്നും ഒരു മാസത്തിനുള്ളിൽ ഇവയിൽ പുതിയ കോഡ് പതിപ്പിക്കുക പ്രായോഗികമല്ലെന്നുമാണ് വ്യാപാരികൾ പറയുന്നത്.