ന്യൂഡൽഹി
ത്രിപുര തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബിജെപി അഴിച്ചുവിട്ട വ്യാപക അക്രമത്തിൽ തകർന്നത് പ്രതിപക്ഷ പാർടി അംഗങ്ങുടെ അറുനൂറോളം വീടുകൾ. അക്രമം എല്ലാ പരിധിയും കടന്നെന്നും അക്രമം അവസാനിപ്പിക്കാൻ അടിയന്തര നടപടി വേണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയും നിയുക്ത എംഎൽഎയുമായ ജിതേന്ദ്ര ചൗധരി ആവശ്യപ്പെട്ടു. അറുനൂറോളം വീടുകൾ ആക്രമിച്ച് കത്തിക്കുകയോ അടിച്ചുതകർക്കുയോ ചെയ്തു. ആക്രമണത്തിന് ഇരയായ സിപിഐ എം പ്രവർത്തകരുടെ വിവരങ്ങളടങ്ങിയ പട്ടികയും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടു. അക്രമങ്ങളുണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷന് രാഷ്ട്രീയ പാർടികൾ നൽകിയ ഉറപ്പ് ലംഘിച്ചാണ് ബിജെപി ഏകപക്ഷീയമായി അക്രമം തുടരുന്നത്. അക്രമ സംഭവങ്ങളിൽ ഒരു ബിജെപിക്കാരനെപ്പോലും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.
സമാധാനയോഗം അവസാനിച്ച് മണിക്കൂറുകൾക്കകം ശനി അർധരാത്രിയോടെ വടക്കൻ ത്രിപുര ജില്ലയിലെ ദലുഗാവിലെ സിപിഐ എം ഓഫീസിന് ബിജെപിക്കാർ തീവച്ചു. ജുബരാജ് നഗറിൽ സിപിഐ എം നേതാവ് ബിഷ്ണു ദത്തയുടെ വീടാക്രമിച്ചു. മണ്ഡലത്തിൽനിന്ന് ജയിച്ച സിപിഐ എം എംഎൽഎ ശൈലേന്ദ്രനാഥിന്റെ റബർതോട്ടവും കഴിഞ്ഞ ദിവസം തീയിട്ടു. കമൽപുർ, ബദർഘട്ട് എന്നിവിടങ്ങളിലും ഞായറാഴ്ചയും അക്രമങ്ങൾക്ക് അയവില്ല.
കലാംചൗരയിൽ ശനിരാത്രി വീട്ടിലേക്ക് നടന്നുപോകവേ പൊലീസ് വിരട്ടിയോടിച്ച പ്രമോദ് ബിശ്വാസ് (44) കുഴഞ്ഞുവീണുമരിച്ചു. കമൽപൂരിൽ ബിജെപി മന്ത്രി മനോജ് കാന്തി ദേബിന്റെ സഹോദരനടക്കം 25 ബിജെപിക്കാർ പൊലീസുകാരെ ആക്രമിച്ചു. ധർമനഗറിൽ വ്യാപകമായി കടകൾ കൊള്ളയടിച്ചു. പണം നൽകാൻ വിസമ്മതിച്ച വ്യാപാരിയുടെ കൈവിരൽ വെട്ടേറ്റ് വേർപെട്ടു. വടക്കൻ രാംനഗറിൽ പ്രതിപക്ഷ പ്രവർത്തകരുടെ വീടാക്രമിച്ച ബിജെപിക്കാർ വീട്ടുസാധനങ്ങൾക്ക് പുറമേ പണവും പച്ചക്കറിയുംവരെ കൊള്ളയടിച്ചു. അതേസമയം, ബിജെപിയുടെ പ്രകോപനങ്ങളിൽ വീഴരുതെന്ന് പ്രവർത്തകരോട് അഭ്യർഥിച്ച ജിതേന്ദ്ര ചൗധരി സമാധാനം പാലിക്കാനും ആഹ്വാനം ചെയ്തു.