തിരുവനന്തപുരം
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ നിർമാണം പുരോഗമിക്കുന്ന 13 കൂറ്റൻ റെയിൽവേ മേൽപ്പാലങ്ങൾ ഒരു വർഷത്തിനുള്ളിൽ തുറന്നു കൊടുക്കും. ‘ലെവൽ ക്രോസ് ഇല്ലാത്ത കേരളം’ പദ്ധതിയുടെ ഭാഗമായി 251.48 കോടി രൂപ ചെലവിലാണ് പദ്ധതികൾ. ഒമ്പതെണ്ണം കിഫ്ബിയുടെയും നാലെണ്ണം പൊതുമരാമത്തിന്റെയും ഫണ്ട് ഉപയോഗിച്ചാണ് നിർമിക്കുന്നത്.
തൃശൂർ (ചിറങ്ങര, ഗുരുവായൂർ), കൊല്ലം (മാളിയേക്കൽ, ഇരവിപുരം), മലപ്പുറം (താനൂർ തെയ്യാല, തിരൂർ), പാലക്കാട് -(അകത്തേത്തറ, വാടാനംകുറിശ്ശി), കോഴിക്കോട് (ഫറൂക്ക്), കണ്ണൂർ (കൊടുവള്ളി), തിരുവനന്തപുരം (ചിറയിൻകീഴ്), കോട്ടയം (കാരിത്താസ്), എറണാകുളം (മുളന്തുരുത്തി) എന്നിവിടങ്ങളിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്. സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് സ്ട്രക്ചർ രീതിയിലാണ് നിർമാണം. രണ്ടു ലൈൻ നടപ്പാതയും ഉണ്ടാകും. കിഫ്ബി ഫണ്ടിൽ 72 റെയിൽവേ മേൽപ്പാലമാണ് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ നിർമിക്കുന്നത്. കാഞ്ഞങ്ങാട് മേൽപ്പാലം പൂർത്തിയായി. 21 ഇടത്തെ സ്ഥലമേറ്റെടുക്കൽ പുരോഗമിക്കുന്നു. ഏഴെണ്ണം ഈ വർഷം ടെൻഡറാകും. പുറമെ 27 മേൽപ്പാലം കെ റെയിലും നിർമിക്കും. രണ്ടെണ്ണത്തിന് ഭരണാനുമതി ലഭിച്ചു.
സ്റ്റീൽ കോൺക്രീറ്റ്
കോമ്പോസിറ്റ് സ്ട്രക്ചർ
സ്റ്റീലും കോൺക്രീറ്റും ചേർത്തുള്ള നിർമാണ രീതിയാണ് ഇത്. പൈൽ, പൈൽ ക്യാപ്പ് എന്നിവ കോൺക്രീറ്റും, പിയർ, പിയർ ക്യാപ്പ്, ഗർഡർ എന്നിവ സ്റ്റീലും ഡെക് സ്ലാബ് കോൺക്രീറ്റിലുമായാണ് നിർമിക്കുന്നത്. ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. കോൺക്രീറ്റ് പാലങ്ങളെക്കാൾ ബലവും ഈടും ലഭിക്കും. വേഗത്തിൽ പൂർത്തിയാക്കാനാകും.