പാരിസ്
പിഎസ്ജിയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി കിലിയൻ എംബാപ്പെ. ഫ്രഞ്ച് ഫുട്ബോൾ ലീഗിൽ നാന്റെസിനെതിരെ ലക്ഷ്യം കണ്ട ഇരുപത്തിനാലുകാരന് 201 ഗോളായി. എഡിൻസൺ കവാനിയെയാണ് ഗോളടിയിൽ മറികടന്നത്. മത്സരത്തിൽ 4–-2ന് പിഎസ്ജി ജയിച്ചു.
ചരിത്രമെഴുതാനാണ് കളിക്കുന്നതെന്നായിരുന്നു എംബാപ്പെയുടെ പ്രതികരണം. 2017ലാണ് മൊണാകോയിൽനിന്ന് ഫ്രഞ്ചുകാരൻ പിഎസ്ജിയിൽ ചേർന്നത്. ഫ്രഞ്ച് ലീഗിൽ നാല് കിരീടങ്ങളിലും പങ്കാളിയായി. ഈ സീസണിൽ 30 ഗോളടിച്ചു. എട്ടെണ്ണത്തിന് അവസരവുമൊരുക്കി. 247 മത്സരങ്ങളാണ് കളിച്ചത്. നാന്റെസിനെതിരെ ലയണൽ മെസിയും ലക്ഷ്യം കണ്ടു. ജയത്തോടെ പിഎസ്ജി ഒന്നാംസ്ഥാനത്ത് ലീഡുയർത്തി.