അബുദാബി> മലയാളം മിഷൻ അബുദാബി ചാപ്റ്ററിനു കീഴിൽ സംസ്ഥാന സർക്കാരിന്റെ മലയാളം മിഷൻ പാഠ്യപദ്ധതി പ്രകാരം നടന്നുവരുന്ന സൗജന്യ മലയാളം പഠനക്ളാസുകളിലേയ്ക്ക് പ്രവേശനം തുടങ്ങി.
കേരളത്തിന് പുറത്ത് 26 സംസ്ഥാനങ്ങളിലും ഇന്ത്യയ്ക്ക് പുറത്ത് അറുപതിലേറെ രാജ്യങ്ങളിലുമായി പ്രവർത്തിച്ചുവരുന്ന മലയാളം മിഷന്റെ അബുദാബി ചാപ്റ്ററിനു കീഴിൽ നിലവിൽ അബുദാബി, മുസഫ, ബദാസായിദ്, റുവൈസ്, ബനിയാസ് എന്നീ സ്ഥലങ്ങളിലെ എഴുപതിലേറെ കേന്ദ്രങ്ങളിലായി രണ്ടായിരത്തോളം വിദ്യാർത്ഥികളാണ് സൗജന്യമായി മലയാള ഭാഷ പഠിച്ചുവരുന്നത്.
പ്രതിഫലേച്ഛ കൂടാതെ 91 അധ്യാപകരാണ് മലയാള ഭാഷയുടെ മാധുര്യം കുട്ടികളിലേക്ക് പകർന്നു നല്കിക്കൊണ്ടിരിക്കുന്നത്.
മെയ് പകുതിയോടെ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന മലയാളം മിഷന്റെ പുതിയ ബാച്ചുകളിലേയ്ക്ക് തങ്ങളുടെ കുട്ടികളെ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നവർ മാർച്ച് 31 നകം കേരള സോഷ്യൽ സെന്റർ (02 6314455), അബുദാബി മലയാളി സമാജം (050 2688458), ഇന്ത്യൻ ഇസ്ലാമിക് സെന്റർ (02 6424488) എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് മലയാളം മിഷൻ അബുദാബി ചാപ്റ്റർ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി അറിയിച്ചു.