കുവൈറ്റ് സിറ്റി> കേരള സർക്കാർ പ്രവാസികൾക്കായി നടപ്പിലാക്കിവരുന്ന ക്ഷേമ പദ്ധതികളേയും നോർക്ക നടത്തിവരുന്ന സേവന പ്രവർത്തനങ്ങളേയും കുവൈറ്റ് മലയാളികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് നാല് മേഖല കമ്മിറ്റികളുടെയും നേതൃത്വത്തിൽ വിശദീകരണ പരിപാടികൾ സംഘടിപ്പിച്ചു .
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കപ്പെട്ട പരിപാടികളിൽ ലോക കേരള സഭാഗം ആർ നാഗനാഥൻ പ്രവാസി ക്ഷേമ പദ്ധതികളും, നിക്ഷേപ പദ്ധതികളും, പ്രവാസികൾക്ക് തുടങ്ങാനാവുന്ന വ്യവസായ സംരംഭങ്ങൾക്കുള്ള സർക്കാർ ആനുകൂല്യങ്ങളുമുൾപ്പടെയുള്ള കാര്യങ്ങൾ വിശദീകരിച്ചു .
പരിപാടിയിൽ പങ്കെടുത്തവർ ഉന്നയിച്ച നിരവധിയായ സംശയങ്ങൾക്കും അദ്ദേഹം മറുപടി നൽകി . അബുഹലീഫ, ഫഹാഹീൽ മേഖലകളിൽ ജനറൽ സെക്രട്ടറി രജീഷ് സി യും, സാൽമിയ, അബ്ബാസിയ മേഖലകളിൽ പ്രസിഡന്റ് ശൈമേഷ് കെ കെയും യോഗം ഉത്ഘാടനം ചെയ്തു. ട്രഷറർ അജ്നാസ് മുഹമ്മദ് , വൈസ് പ്രസിഡന്റ് ബിജോയ്, ജോയിന്റ് സെക്രട്ടറി പ്രജോഷ് എന്നിവർ ചടങ്ങുകളിൽ സംബന്ധിച്ചു.അബുഹലീഫ കല സെന്ററിൽ സംഘടിപ്പിച്ച വിശദീകരണ യോഗത്തിന് മേഖല സെക്രട്ടറി രഞ്ജിത്ത് സ്വാഗതംപറഞ്ഞു. . മേഖല പ്രസിഡന്റ് ഗോപീകൃഷ്ണൻ അധ്യക്ഷനായി. മേഖല കമ്മിറ്റി എക്സിക്യു്ട്ടീവ് അംഗം വിജുമോൻ നന്ദി അറിയിച്ചു. അബ്ബാസിയ കല സെന്ററിൽ സംഘടിപ്പിച്ച വിശദീകരണ യോഗത്തിന് മേഖല ആക്ടിങ് സെക്രട്ടറി സണ്ണി ഷൈജേഷ് സ്വാഗതം പറഞ്ഞു. മേഖല പ്രസിഡന്റ് ഉണ്ണിമാമർ അധ്യക്ഷനായി. ചടങ്ങിന് മേഖല കമ്മിറ്റി എക്സിക്യു്ട്ടീവ് അംഗം തോമസ് വർഗീസ് നന്ദി അറിയിച്ചു.
ഫഹാഹീൽ കല സെന്ററിൽ സംഘടിപ്പിച്ച വിശദീകരണ യോഗത്തിന് മേഖല സെക്രട്ടറി ജ്യോതിഷ് പി ജി സ്വാഗതം ആശംസിച്ചു. മേഖല പ്രസിഡന്റ് സജിൻ മുരളി അധ്യക്ഷനായി. മേഖല കമ്മിറ്റി എക്സിക്യു്ട്ടീവ് അംഗം ശ്രീജേഷ് നന്ദി പറഞ്ഞു. സാൽമിയ മേഖല സംഘടിപ്പിച്ച വിശദീകരണ യോഗം സാൽമിയ ഫ്രണ്ട്സ് ഹാളിൽ വച്ച് നടന്നു. മേഖല സെക്രട്ടറി റിച്ചി കെ ജോർജ് യോഗത്തിന് സ്വാഗതം പറഞ്ഞു. മേഖല പ്രസിഡന്റ് ശരത് ചന്ദ്രൻ അധ്യക്ഷനായി. ചടങ്ങിന് മേഖല കമ്മിറ്റി എക്സിക്യു്ട്ടീവ് അംഗം അരവിന്ദൻ നന്ദി പറഞ്ഞു.