ഫുജൈറ> കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ കൽബ യൂണിറ്റിനു കീഴിൽ ആരവ് 2k23 എന്ന പേരിൽ മെഗാ സ്റ്റേജ് ഷോ സംഘടിപ്പിച്ചു. ഫെബ്രുവരി 24ന് ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബ് ഹാളിൽവെച്ച് നടന്ന സാംസ്കാരിക സമ്മേളനം ലോക കേരളസഭ അംഗവും കൈരളി രക്ഷാധികാരിയുമായ സൈമൺ സാമുവേൽ ഉദ്ഘാടനം നിർവഹിച്ചു.
ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് പ്രസിഡന്റ് സൈനുദ്ധീൻ നാട്ടിക, കൈരളി സെൻട്രൽ സെക്രട്ടറി അബ്ദുൽ ഖാദർ, പ്രസിഡന്റ് ലെനിൻ ജി കുഴിവേലി എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു. കൽബ യൂണിറ്റ് പ്രസിഡന്റ് നബീൽ കാർത്തല അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ യൂണിറ്റ് സെക്രട്ടറി പ്രിൻസ് തെക്കുട്ടയിൽ സ്വാഗതവും യൂണിറ്റ് ട്രഷറർ നിയാസ് തിരൂർ നന്ദിയും പറഞ്ഞു.
കൈരളി കൽബ യൂണിറ്റ് കുടുംബാംഗങ്ങളും കുട്ടികളും അവതരിപ്പിച്ച കലാ പരിപാടികളും ഡസ്ലിംഗ് സ്റ്റാർസ് ഷാർജ്ജ അവതരിപ്പിച്ച നൃത്ത നൃത്യങ്ങളും സിനിമാ പിന്നണി ഗായിക സുമി അരവിന്ദും സംഘവും അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി. കൽബയിൽ കൈരളി ആദ്യമായി സംഘടിപ്പിക്കുന്ന മെഗാ ഷോ മലയാളികൾ ഏറെ ആസ്വദിച്ചു. കൈരളി കൽബ യൂണിറ്റിന്റെ കീഴിൽ നാടൻ വിഭവങ്ങളുമായി തട്ട് കടയും തുംബൈ ക്ലിനിക്കിന്റെ സൗജന്യ മെഡിക്കൽ പരിശോധനയും ആരവ് 2k23 യുടെ ഭാഗമായി നടന്നു.