ന്യൂഡൽഹി> മനീഷ് സിസോദിയയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഡൽഹി ബിജെപി ആസ്ഥാനത്തേക്ക് എഎപി നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് തടയാൻ എഎപി ഓഫീസ് പരിസരത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച എഎപിക്കാർക്കെതിരെ പൊലീസ് ലാത്തിവീശി.
നേതാക്കളും എംഎൽഎമാരും അടക്കമുള്ളവരെ എഎപി ഓഫീസിലേക്ക് തിരിച്ചയച്ചു. പൊലീസിനുനേരെ കല്ലേറുണ്ടായി. 80 ശതമാനം നേതാക്കളെയും നിയമവിരുദ്ധമായി പൊലീസ് ഞായറാഴ്ച മുതൽ കരുതൽ തടങ്കലിൽ ആക്കിയെന്ന് സൗരഭ് ഭരദ്വാജ് ആരോപിച്ചു. പഞ്ചാബ്, ചണ്ഡീഗഡ്, ഗുജറാത്ത്, ജമ്മു കശ്മീർ തുടങ്ങിയ ഇടങ്ങളിലും എഎപിക്കാർ പ്രതിഷേധിച്ചു. രാഷ്ട്രീയ സമ്മർദം കൊണ്ടാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തതെന്ന് കെജ്രിവാൾ പ്രതികരിച്ചു.
അദാനി-– -മോദി അവിശുദ്ധ കൂട്ടുകെട്ടിൽനിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കലാണ് അറസ്റ്റിനു പിന്നിലുള്ളതെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു പറഞ്ഞു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ അടിച്ചർമത്താനുള്ള ബിജെപി, കേന്ദ്രസർക്കാരിന്റെ ക്രൂരമായ നീക്കമാണ് അറസ്റ്റ് എന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ പ്രതികരിച്ചു.