ന്യൂഡൽഹി> ജമ്മു കശ്മീരിൽ സമാധാനം പുനഃസ്ഥാപിച്ചെന്ന് അവകാശപ്പെടുമ്പോഴും തിരഞ്ഞുപിടിച്ചുള്ള കൊലപാതകങ്ങൾ നിയന്ത്രിക്കാനാകാതെ കേന്ദ്രസർക്കാർ. ന്യൂനപക്ഷ സമുദായാംഗങ്ങളെ ലക്ഷ്യംവച്ച് ഭീകരർ ഒടുവിൽ നടത്തിയ ആക്രമണത്തിൽ പുൽവാമ സ്വദേശി സഞ്ജയ് ശർമയാ (45)ണ് കൊല്ലപ്പെട്ടത്.
കശ്മീരി പണ്ഡിറ്റ് സമൂഹം കഴിഞ്ഞ വർഷം നടത്തിയ പലായനത്തിന്റെ മുറിവുകൾ ഇനിയും ഉണങ്ങാതിരിക്കുമ്പോഴാണ് അടുത്ത കൊലപാതകം. 1990കളിലെ രൂക്ഷമായ വിഘടനവാദി ആക്രമണങ്ങളിൽനിന്ന് രക്ഷതേടി പതിനായിരങ്ങൾ ജമ്മുവിലേക്ക് പലായനം ചെയ്തപ്പോൾ താഴ്വരയിൽ തുടരാൻ ധൈര്യം കാണിച്ചവർപോലും കഴിഞ്ഞ വർഷം പലായനം ചെയ്തിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ അവകാശങ്ങൾ കേന്ദ്രം റദ്ദ് ചെയ്തശേഷമാണ് താഴ്വരയിലെ സ്ഥിതി ഇത്രയും മോശമായതെന്ന് രാഷ്ട്രീയ നിരീക്ഷകനായ ഷാനവാസ് അഹമ്മദ് പറഞ്ഞു.
സർക്കാർ നയങ്ങൾ അക്രമങ്ങൾ അവസാനിപ്പിക്കുമെന്ന് തോന്നുന്നില്ലെന്നും ജനങ്ങളുടെ സുരക്ഷ കൂടുതൽ ഉറപ്പാക്കണമെന്നും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമി ആവശ്യപ്പെട്ടു. കൊലപാതകം നിന്ദ്യവും ക്രൂരവുമാണെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള പ്രതികരിച്ചു. പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി കൊല്ലപ്പെട്ട സഞ്ജയ് ശർമയുടെ വീട് സന്ദർശിച്ചു.