ന്യൂഡൽഹി> ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഭരണം നിലനിർത്തുമെന്ന് ദേശീയ മാധ്യമങ്ങൾ പ്രവചിക്കുമ്പോൾ സിപിഐ എം നേതൃത്വം നൽകുന്ന ഇടതുമുന്നണിക്ക് വിജയം പ്രഖ്യാപിച്ച് പ്രാദേശിക മാധ്യമങ്ങളുടെ എക്സിറ്റ് പോൾ ഫലങ്ങൾ. പ്രാദേശിക മാധ്യമങ്ങൾ ഇടതുമുന്നണിക്ക് 32 മുതൽ -36 സീറ്റുവരെ പ്രവചിക്കുന്നു. ബിജെപിക്ക് എട്ട്– -10 സീറ്റുവരെ ലഭിക്കും.
കോൺഗ്രസിന് നാല്–- എട്ട് സീറ്റ്. തിപ്രമോതയ്ക്ക് 14 സീറ്റ് കിട്ടുമെന്നുമാണ് പ്രവചനം. മറ്റൊരു സർവേയിൽ ഇടതുമുന്നണി 34 സീറ്റ് നേടും. ബിജെപിക്ക് മൂന്ന് സീറ്റുമാത്രം. കോൺഗ്രസ് എട്ടും തിപ്രമോത പതിമൂന്നും മറ്റുള്ളവർ രണ്ടു സീറ്റും നേടുമ്പോൾ ഐപിഎഫ്ടിയും തൃണമൂലും സീറ്റൊന്നും നേടില്ലെന്ന് പ്രവചിക്കുന്നു. ഒരു സർവേ വിശാല മതനിരപേക്ഷ സഖ്യത്തിന് 41 സീറ്റുവരെ പ്രവചിക്കുന്നു. തിപ്രമോതയ്ക്ക് 12, ബിജെപി സഖ്യത്തിന് ഒമ്പത് സീറ്റ്.
എന്നാൽ, ഇന്ത്യ ടുഡേ–- ആക്സിസ് മൈ ഇന്ത്യ ബിജെപിക്ക് 36–- 45 സീറ്റ് പ്രവചിച്ചു. ഇടതുമുന്നണി ആറ്– -11; തിപ്രമോത 9–-16. അതേസമയം, ചർച്ചയിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് സുദീപ് ബർമൻ ഫലത്തെ രൂക്ഷമായി വിമർശിച്ചതോടെ എക്സിറ്റ് പോൾ ഫലമല്ല മറിച്ച് തങ്ങളുടേത് വിശകലനം മാത്രമാണെന്നും അവതാരകൻ മലക്കംമറിഞ്ഞു. ജൻകി ബാത്ത്: ബിജെപി 29–- 40; ഇടതുമുന്നണി ഒമ്പത്–- 16; തിപ്രമോത 10–- 14. ടൈംസ്നൗ: ബിജെപി 21–- 27; ഇടതുമുന്നണി 18–-24; തിപ്രമോത 12–17. സീന്യൂസ്: ബിജെപി 29–- 36; ഇടതുമുന്നണി 13– -21; തിപ്രമോത 11–- 16.
മേഘാലയയിൽ എൻപിപി വലിയ ഒറ്റക്കക്ഷിയാകുമെന്ന്
മേഘാലയയിൽ മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ എൻപിപി വലിയ ഒറ്റക്കക്ഷിയാകുമെന്ന് വിവിധ എക്സിറ്റ് പോളുകൾ. ഇന്ത്യ ടുഡേ- ആക്സിസ് മൈ ഇന്ത്യ സർവേയനുസരിച്ച് അറുപതംഗ സഭയിൽ എൻപിപി 18-– -24 സീറ്റ് നേടും.
ആറുമുതൽ 12 വരെ സീറ്റുമായി കോൺഗ്രസ് രണ്ടാമതെത്തും. ബിജെപിക്ക് നാലുമുതൽ എട്ടുവരെ സീറ്റാണ് പ്രവചിക്കുന്നത്. ടൈംസ് നൗ -ഇടിജി റിസർച്ച്: എൻപിപി 18–- 26, ബിജെപി മൂന്ന്– ആറ്. സീ ന്യൂസ്: എൻപിപി 26 വരെ, ബിജെപി ആറ്–- 11.
നാഗാലാൻഡിലെ അറുപതംഗ സഭയിൽ എൻഡിപിപി–- ബിജെപി സഖ്യം 39–- 49 സീറ്റ് നേടി അധികാരം നിലനിർത്തുമെന്നാണ് ടൈംസ് നൗ- ഇടിജി റിസർച്ച് എക്സിറ്റ് പോൾ ഫലം.