തിരുവനന്തപുരം > വ്യവസായ നിക്ഷേപങ്ങൾക്ക് അനുകൂല ഇടമായി സംസ്ഥാനത്തെ മാറ്റിയെടുക്കാൻ, വിവിധ സർക്കാർ ഏജൻസികൾക്കു കീഴിലെ വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമി കൈമാറ്റം അനായാസമാക്കാൻ യൂണിഫൈഡ് ലാൻഡ് ലീസ് പോളിസി രൂപീകരിക്കാനുള്ള നടപടി ആരംഭിച്ചതായി വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.
വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്, കിൻഫ്ര, സിഡ്കോ, വ്യവസായ വികസന കോർപറേഷൻ എന്നിവയുടെ വ്യവസായ എസ്റ്റേറ്റുകളിലെയും പാർക്കുകളിലെയും ഭൂമി കൈമാറ്റത്തിന് ഏകീകൃത നയം രൂപീകരിക്കും.
1,33,916 പുതിയ സംരംഭം 2,87,822 തൊഴിലവസരം
വർഷം ഒരു ലക്ഷം സംരംഭം പദ്ധതിയിൽ ഫെബ്രുവരി 20വരെ 1,33,916 സംരംഭം ആരംഭിക്കാനായി. 2,87,822 തൊഴിലവസരം സൃഷ്ടിക്കാനായി. ഇതിൽ പഴയ സംരംഭങ്ങളുണ്ടെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണ്. പരിശോധനയിൽ ഇവ കണ്ടെത്തിയാൽ അവയെ പുതിയ സംരംഭങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തില്ല.
ദേശീയതലത്തിൽ ഒരു സൂക്ഷ്മ–- സൂക്ഷ്മ ചെറുകിട സ്ഥാപനത്തിൽ ശരാശരി 1.75 തൊഴിലാളികൾ പ്രവർത്തിക്കുമ്പോൾ കേളരത്തിൽ അത് 2.15 ആണ്. സംസ്ഥാനത്ത് വ്യവസായ നടത്തിപ്പിനുള്ള കാലഹരണപ്പെട്ട നിയമങ്ങൾ ഒഴിവാക്കിയും വ്യവസ്ഥകൾ ലഘൂകരിക്കാനുമുള്ള പഠന റിപ്പോർട്ട് വർക്കിങ് കമ്മിറ്റികളിൽ ചർച്ചചെയ്ത് ഉടൻ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.