ന്യൂഡൽഹി> ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തതിനെ സിപിഐ എം പൊളിറ്റ്ബ്യൂറോ അപലപിച്ചു. മോദി സർക്കാർ കേന്ദ്ര ഏജൻസികളെ ആയുധമാക്കി പ്രതിപക്ഷകക്ഷികളുടെ നേതാക്കളെ വേട്ടയാടുന്നതിന്റെ ഭാഗമാണ് അറസ്റ്റ്. പ്രതിപക്ഷം ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ സർക്കാരുകളെ ദുർബലപ്പെടുത്താന് കേസുകളെടുത്ത് നേതാക്കളെ അറസ്റ്റ് ചെയ്യുന്നു. തെരഞ്ഞെടുപ്പുകളിൽ ജയിക്കാൻ കഴിയാതെ വരുമ്പോൾ രാജ്യത്തെ ജനാധിപത്യം അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നു.
പ്രധാനമന്ത്രിയും ബിജെപിയും അദാനി അടക്കമുള്ള വൻകിട ബിസിനസുകാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഉയർന്നുവരുന്ന ചോദ്യങ്ങളുടെ എണ്ണം കൂടുന്നതിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനുമാണ് പ്രതിപക്ഷ നേതാക്കൾക്കെതിരായ ആക്രമണമെന്ന് പിബി പ്രസ്താവനയിൽ പറഞ്ഞു.
അറസ്റ്റ് കുതന്ത്രം: മുഖ്യമന്ത്രി
തിരുവനന്തപുരം> കേന്ദ്ര സർക്കാരിനെതിരായി ഉയരുന്ന ജനരോഷത്തിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള കുതന്ത്രങ്ങളുടെ ഭാഗമാണ് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റ് എന്ന് കരുതേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ട്വീറ്റ് ചെയ്തു. സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകാത്ത കേന്ദ്രസർക്കാരിന്റെ പിടിപ്പുകേടിൽ രാജ്യവ്യാപകമായി അസംതൃപ്തി ഉയരുന്നു. ഇതിന് മറയിടാൻ വിവിധ കുതന്ത്രങ്ങൾ പ്രയോഗിക്കുകയാണ്.ഇത്തരം നടപടികൾക്കെതിരെ ജനാധിപത്യ വിശ്വാസികളുടെ ശബ്ദം ഉയരണം.
സിബിഐ ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ അലോസരപ്പെടുത്താനാണ് കേന്ദ്രസർക്കാർ ശ്രമം. സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്തുക എന്നതിന് അർഥം ജനാധിപത്യത്തെ അപ്രസക്തമാക്കുക എന്നാണെന്നും മുഖ്യമന്ത്രി കുറിച്ചു.