മൂവാറ്റുപുഴ> മാത്യു കുഴൽനാടൻ എംഎൽഎ പുരയിട നിർമാണത്തിന് മണ്ണടിക്കാൻ അനുമതിവാങ്ങിയ സ്ഥലത്തുനിന്ന് നിശ്ചിത അളവിലധികം മണ്ണ് കടത്തിയതായി മൈനിങ് ആൻഡ് ജിയോളജിയിലെ സീനിയർ ജിയോളജിസ്റ്റ് മറുപടി നൽകി. അനുമതി ലഭിച്ചത് 5306 മെട്രിക് ടൺ മണ്ണെടുക്കാനാണ്. എന്നാൽ, 2734 മെട്രിക് ടൺ മണ്ണ് അധികം കടത്തിയതായി ഡിവൈഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി മൂസ നൽകിയ പരാതിക്കുള്ള മറുപടിയിൽ പറയുന്നു.
അനധികൃതമായി മണ്ണടിച്ചതിൽ നാട്ടുകാർ പ്രതിഷേധിച്ചപ്പോൾ താൻ സത്യസന്ധമായാണ് പുരയിടത്തിലേക്ക് മണ്ണടിച്ചതെന്നായിരുന്നു എംഎൽഎയുടെ വാദം. പൊലീസിനെയും ജനങ്ങളെയും എംഎൽഎ തെറ്റിദ്ധരിപ്പിച്ചതായി ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. എംഎൽഎയുടെ പറമ്പിൽ മണ്ണ് നിക്ഷേപിക്കാൻ കല്ലൂർക്കാട് വില്ലേജിലുള്ള വ്യക്തിയുടെ സ്ഥലത്തുനിന്ന് ബിൽഡിങ് പെർമിറ്റിന്റെ അടിസ്ഥാനത്തിൽ സാധാരണ മണ്ണ് നീക്കാനാണ് അപേക്ഷ നൽകിയത്.
2022 ഒക്ടോബർ അഞ്ചിന് ജിയോളജി വിഭാഗം സ്ഥലപരിശോധന നടത്തി മെയ് നാലുമുതൽ 17 വരെ 5306 മെട്രിക് ടൺ മണ്ണ് നീക്കാൻ അനുമതി നൽകി. വ്യക്തിയുടെ പേരിലുള്ള പാസ് പ്രകാരമാണ് മാത്യു കുഴൽനാടൻ മണ്ണടിച്ചത്. മൊത്തം മണ്ണ് നീക്കാനായില്ലെന്നുകാണിച്ച് വീണ്ടും അപേക്ഷ നൽകി. ഇതുപ്രകാരം 2022 നവംബർ ഒമ്പതുമുതൽ 11 വരെ 482 മെട്രിക് ടൺ മണ്ണുകൂടി നീക്കാൻ അനുമതി നൽകി. പുതിയ അനുമതിയുടെ മറവിൽ 2734 മെട്രിക് ടൺ മണ്ണ് അധികമായി കടത്തിക്കൊണ്ടുപോയതായി 2023 ജനുവരി 18ൽ പരിശോധനയിൽ കണ്ടെത്തിയതായി ജിയോളജിവിഭാഗം പറയുന്നു.