റായ്പുർ > രാജ്യത്ത് കോൺഗ്രസ് ഭരണത്തിലുള്ള മൂന്നു സംസ്ഥാനത്തിലൊന്നായ ഛത്തീസ്ഗഢിലെ ഗ്രൂപ്പുപോര് നേതൃത്വത്തിന് തലവേദന. നവംബറിൽ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഛത്തീസ്ഗഢിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും ആരോഗ്യമന്ത്രി ടി എസ് സിങ് ദേവും തമ്മിലാണ് ചേരിപ്പോര്. മുഖ്യമന്ത്രിയാകാൻ താൽപ്പര്യമുണ്ടെന്ന് പ്ലീനറിക്കിടെ ദേവ് പ്രസ്താവിച്ചതോടെ പോര് രൂക്ഷമായി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി ഇടപെട്ടാണ് ബാഗേലിനെ മുഖ്യമന്ത്രിയാക്കിയത്. രണ്ടര വർഷത്തിനുശേഷം ദേവിന് അവസരം നൽകാനായിരുന്നു ധാരണ. എന്നാൽ, ബാഗേൽ ഒഴിഞ്ഞില്ല. കൂടുതൽ എംഎൽഎമാരുടെ പിന്തുണ ഉറപ്പിക്കാനായത് ബാഗേലിന് നേട്ടമായി.
മുഖ്യമന്ത്രിസ്ഥാനം കിട്ടാതായതോടെ അസ്വസ്ഥനായ ദേവ് കഴിഞ്ഞ വർഷം പഞ്ചായത്ത്–- ഗ്രാമവികസനവകുപ്പുകൾ രാജിവച്ചു. പ്രചാരണ ബോർഡുകളിലും കട്ടൗട്ടുകളിലുമൊന്നും ദേവിന് ഇടംനൽകാതെ പ്ലീനറിയിലും ദേവിനെ പരമാവധി ഒതുക്കാൻ ബാഗേൽ വിഭാഗം ശ്രമിച്ചു. ബിജെപിയുടെ തുടർച്ചയായ മൂന്നു ടേം ഭരണം അവസാനിപ്പിച്ച് 2019ൽ ഛത്തീസ്ഗഢിൽ ഭരണം പിടിച്ച കോൺഗ്രസിന്റെ സാധ്യതയ്ക്ക് മങ്ങലേൽപ്പിക്കുകയാണ് മുതിർന്ന നേതാക്കളുടെ തമ്മിലടി.
മൗലാന അബുൽ കലാം ആസാദിനെ മറന്ന് കോൺഗ്രസ്
പ്ലീനറി സമ്മേളനത്തിനോട് അനുബന്ധിച്ച് നൽകിയ പരസ്യത്തിൽനിന്ന് സ്വാതന്ത്ര്യസമരസേനാനിയും കോൺഗ്രസ് പ്രസിഡന്റുമായിരുന്ന മൗലാന അബുൽ കലാം ആസാദിനെ ഒഴിവാക്കി കോൺഗ്രസ്. പാർടിക്കകത്തെ ന്യൂനപക്ഷ നേതാക്കൾക്ക് പുറമേ സമുദായ നേതാക്കളും കടുത്ത വിമർശവുമായി എത്തിയതോടെ കോൺഗ്രസ് മാപ്പുപറഞ്ഞ് തടിയൂരി.