ന്യൂഡൽഹി
ബാബ്റി മസ്ജിദ് കേസില്‍ സുപ്രീംകോടതി വിധി വന്ന് മൂന്നു വര്‍ഷത്തിനുശേഷവും അയോധ്യയിലെ മസ്ജിദ് നിര്‍മാണം തുടങ്ങാന്‍ അനുമതി ലഭിച്ചില്ല. അയോധ്യക്ഷേത്ര നിര്‍മാണം ഈവര്‍ഷം അവസാനം പൂര്‍ത്തിയാകുമെന്നും ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
2019 നവംബറിലാണ് ബാബ്റി മസ്ജിദ് തകർത്ത സ്ഥലത്ത് രാമക്ഷേത്ര നിര്‍മാണത്തിന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് അനുമതി നല്‍കിയത്. കേന്ദ്രമോ യുപി സര്‍ക്കാരോ അയോധ്യയിൽ മസ്ജിദ് നിര്‍മിക്കാന്‍ പ്രധാനപ്പെട്ടതും അനുയോജ്യവുമായ അഞ്ച് ഏക്കർ അനുവദിക്കണമെന്നും നിര്‍ദേശിച്ചു.
അയോധ്യയിൽനിന്ന് 25 കിലോമീറ്റർ മാറി ധനിപുരിയിലാണ് യുപി സര്‍ക്കാര്‍ സ്ഥലം അനുവദിച്ചത്. എന്നാൽ, സർക്കാരിന്റെ വിവിധ അനുമതികൾ വൈകി. പള്ളിയുടെ രൂപരേഖയ്ക്ക് മാസങ്ങൾ കഴിഞ്ഞാണ് അനുമതി നൽകിയത്. വിവിധ എൻഒസി ലഭിക്കാൻ ഒരുവർഷമെടുത്തു. റോഡിന് വീതിയില്ലെന്ന പേരില്‍ അഗ്നിശമന വിഭാഗം എന്‍ഒസി നിഷേധിച്ചു. സ്ഥലം കൃഷിഭൂമിയാണെന്നും നിർമാണം അനുവദിക്കില്ലെന്നും മസ്ജിദ് നിർമാണ കമ്മിറ്റിയായ ഇന്തോ – ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷന് (ഐഐസിഎഫ്) പിന്നാലെ അറിയിപ്പ് കിട്ടി. ‘ഭൂമി ക്രമപ്പെടുത്താൻ അയോധ്യ വികസന അതോറിറ്റി (എഡിഎ)യ്ക്കും സംസ്ഥാന സർക്കാരിനും കത്തെഴുതി, പക്ഷേ ഇതുവരെ തീരുമാനമായിട്ടില്ല’–- ഐഐസിഎഫ് സെക്രട്ടറി അതർ ഹുസൈൻ സിദ്ദിഖി പറഞ്ഞു.