ന്യൂഡൽഹി
ദക്ഷിണേഷ്യയിലെ പ്രമുഖ വാർത്താ ഏജൻസിയായ ഏഷ്യ ന്യൂസ് ഇന്റർനാഷണൽ (എഎൻഐ) നൽകിയ വാർത്തകളിൽ ഉദ്ധരിക്കുന്ന ധൈഷണികരും വിദഗ്ധരും സംഘടനകളും ബ്ലോഗർമാരുമെല്ലാം വ്യാജന്മാരെന്ന് റിപ്പോർട്ട്. ബ്രസൽസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇയു ഡിസിൻഫൊലാബ് എന്ന സന്നദ്ധ സംഘടനയുടെ റിപ്പോർട്ടിലാണ് ഇന്ത്യൻ മാധ്യമങ്ങൾ കാര്യമായി ആശ്രയിക്കുന്ന എഎൻഐ ഉദ്ധരിക്കുന്ന “ഭൗമ രാഷ്ട്രീയകാര്യ വിദഗ്ധരും’ ‘ബുദ്ധികേന്ദ്രങ്ങളും’ വ്യാജമെന്ന് കണ്ടെത്തിയത്.
ഇന്ത്യയിലെ ഏറ്റവും വലിയ വാര്‍ത്താഏജന്‍സിയായ എഎന്‍ഐ നരേന്ദ്രമോദി സർക്കാരിന്റെ ജിഹ്വ ആയാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിൽ പാക്, ചൈനാ വിരുദ്ധ ജ്വരം വളർത്താൻ വേണ്ടിയാണ് ഏജന്‍സി വ്യാജന്മാരെ കൂട്ടുപിടിച്ചതെന്നും ഇയു ഡിസിൻഫൊലാബ് റിപ്പോർട്ടിലുണ്ട്. 2019ലും 2020ലും പുറത്തുവിട്ട റിപ്പോർട്ടുകളുടെ തുടർച്ചയായി മൂന്നാമത്തെ റിപ്പോർട്ടാണിത്.
കനേഡിയൻ ആസ്ഥാനമായ ഇന്റർനാഷണൽ ഫോറം ഫോർ റൈറ്റ്സ് ആൻഡ് സെക്യൂരിറ്റിയെ (ഐഎഫ്എഫ്ആർഎഎസ്) എഎൻഐ വ്യാജമായി ഉദ്ധരിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. 2021 മെയ് മുതൽ 2023 ജനുവരിവരെ 200-ൽ അധികം തവണ എഎൻഐ ഈ സ്ഥാപനത്തെ ഉദ്ധരിച്ച് വാര്‍ത്ത നല്കി. 2014ൽ പിരിച്ചുവിട്ട സംഘടനയാണിത്. ഇതിന്റെ വെബ്സൈറ്റ് മാത്രമാണ് ഇപ്പോള്‍ ഓൺലൈനിൽ തുടരുന്നത്. ഏഴു വർഷത്തിനിടെയാണ് എഎൻഐ രാജ്യത്തെ പ്രധാന വാർത്താ ഏജൻസിയായി വളർന്നത്.