ന്യൂഡൽഹി
ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പിഎഫ് പെൻഷന് അവസരമൊരുക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നത് വൈകിക്കുന്ന ഇപിഎഫ്ഒയ്ക്ക് കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടി വന്നേക്കും. അർഹതയുള്ളവർക്ക് ഉയർന്ന പിഎഫ് പെൻഷനുള്ള ഓപ്ഷൻ തെരഞ്ഞെടുക്കാൻ എട്ടാഴ്ചയ്ക്കുള്ളിൽ ഇപിഎഫ്ഒ നടപടി സ്വീകരിക്കണമെന്നാണ് നവംബർ നാലിലെ സുപ്രീംകോടതി ഉത്തരവ്. ഈ കാലാവധി മാർച്ച് നാലിന് അവസാനിക്കും.
ഉത്തരവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട സർക്കുലർ ഇപിഎഫ്ഒ ദിവസങ്ങൾക്ക് മുമ്പാണ് പുറത്തിറക്കിയത്. ഉയർന്ന പെൻഷനുള്ള ഓപ്ഷൻ തെരഞ്ഞെടുക്കാനുള്ള ലിങ്ക് ഉടൻ വരുമെന്ന് ഇപിഎഫ്ഒ വെബ്സൈറ്റിൽ എഴുതിക്കാണിക്കുന്നുണ്ട്. ഇനി ലിങ്ക് വന്നാലും ജീവനക്കാരും തൊഴിലുടമകളും ഓപ്ഷൻ നൽകലും രേഖകൾ സമർപ്പിക്കലും പരാതികൾ പരിഹരിക്കലും ഉൾപ്പെടെ നൂലാമാലകൾ ഏറെയുണ്ട്. അർഹതയുള്ള ലക്ഷക്കണക്കിന് ജീവനക്കാർക്ക് മുഴുവൻ ഓപ്ഷൻ തെരഞ്ഞെടുക്കാനുള്ള സാവകാശം ലഭിക്കാനിടയില്ല. ഈ സാഹചര്യത്തിൽ കോടതി വിധി സമയബന്ധിതമായി നടപ്പാക്കാത്ത തൊഴിൽ മന്ത്രാലയവും ഇപിഎഫ്ഒയും വീണ്ടും കോടതി കയറേണ്ടി വരും.
സുപ്രീംകോടതി വിധിയിലെ നിർദേശങ്ങൾ നടപ്പാക്കാൻ ഇപിഎഫ്ഒ അധികൃതർക്ക് നൽകിയിട്ടുള്ളതാണ് നാലു മാസം കാലാവധി. എന്നാൽ, അതിനെ ഉയർന്ന പിഎഫ് പെൻഷനുള്ള ഓപ്ഷൻ തെരഞ്ഞെടുക്കാനുള്ള കാലാവധിയായിട്ടാണ് മുഖ്യധാരാമാധ്യമങ്ങൾ ചിത്രീകരിക്കുന്നത്. ജീവനക്കാർക്ക് അവകാശപ്പെട്ട ഉയർന്ന പിഎഫ്പെൻഷൻ അനുവദിക്കുന്നതില് മോദിസർക്കാരിനുള്ള കടുത്ത എതിർപ്പാണ് കാലതാമസത്തിന് കാരണം.
ഉയർന്ന പിഎഫ് പെൻഷന് വഴിയൊരുക്കിയ കേരള ഹൈക്കോടതിയുടെയും അത് ശരിവച്ച സുപ്രീംകോടതിയുടെയും ഉത്തരവുകൾക്കെതിരെ വീണ്ടും കോടതിയിൽ പോയി ജീവനക്കാരെ ദ്രോഹിച്ച കേന്ദ്രസർക്കാർ ഇപ്പോൾ ഉത്തരവ് നടപ്പാക്കുന്നത് പരമാവധി വൈകിപ്പിക്കുന്നു.