കൊച്ചി
ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യത്തിലുള്ള എൽദോസ് കുന്നപ്പിള്ളി എംഎൽഎ റായ്പുരിൽ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുത്തത് ജാമ്യവ്യവസ്ഥ ലംഘിച്ച്. അന്വേഷണം പൂർത്തിയാകുംവരെ മജിസ്ട്രേട്ടിന്റെ അനുമതിയില്ലാതെ സംസ്ഥാനംവിട്ട് പുറത്തുപോകരുതെന്നാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി അനുവദിച്ച മുൻകൂർജാമ്യ ഉത്തരവ്. കേസിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് പെരുമ്പാവൂർ എംഎൽഎയായ എൽദോസ് കേരളംവിട്ട് റായ്പുരിലെത്തിയത്. ഛത്തീസ്ഗഢിൽ പ്രതിപക്ഷനേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും കൂടെനിൽക്കുന്ന ചിത്രങ്ങൾ എംഎൽഎ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ജാമ്യവ്യവസ്ഥ ലംഘിച്ച എംഎൽഎയുടെ മുൻകൂർജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പരാതിക്കാരി. രാഹുൽ ഗാന്ധിക്കും കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനും യുവതി പരാതി നൽകി. ബലാത്സംഗക്കേസിൽ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട എൽദോസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുത്തതും വിവാദമായി. ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ പങ്കെടുക്കാൻ കുന്നപ്പിള്ളി കശ്മീരിലും പോയിരുന്നു.