ന്യൂഡൽഹി
ആംആദ്മി സർക്കാരിന്റെ വിവാദ മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു. ഞായറാഴ്ച സിബിഐ ആസ്ഥാനത്ത് എട്ടു മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനുശേഷം രാത്രി 7.15ന് അറസ്റ്റ് രേഖപ്പെടുത്തി. സത്യേന്ദ്രജെയിനിനുശേഷം കേന്ദ്രഏജൻസി അറസ്റ്റു ചെയ്യുന്ന രണ്ടാമത്തെ ആംആദ്മി മന്ത്രിയാണ് സിസോദിയ. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
7–-8 മാസങ്ങൾ ജയിലിൽ കിടക്കേണ്ടി വന്നാലും ദുഃഖമില്ല. പോരാട്ടം തുടരും–- സിസോദിയ പറഞ്ഞു. രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവിന് ആദരമർപ്പിച്ച ശേഷമാണ് സിസോദിയ സിബിഐ ഓഫീസിലേക്ക് പോയത്. അതേസമയം, ബിജെപിയുടേത് രാഷ്ട്രീയവേട്ടയാടലാണെന്ന് ആരോപിച്ച് ആംആദ്മിയുടെ വലിയ പ്രതിഷേധം സിബിഐ കാര്യാലയത്തിന് മുന്നിൽ അരങ്ങേറി.
സഞ്ജയ് സിങ് എംപി ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. രാജ്യത്തിനു വേണ്ടിയാണ് സിസോദിയ ജയിലിൽ പോകുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു.