റായ്പുർ
ദേശീയതലത്തിൽ മോദി സർക്കാരിനെതിരായി പ്രതിപക്ഷ പാർടികളുടെ ഐക്യത്തിന് ആഹ്വാനംചെയ്ത എഐസിസി പ്ലീനറിയിലും തമ്മിലടിച്ച് കേരളനേതാക്കൾ. പ്ലീനറിയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട പിസിസി പ്രതിനിധികളെ ചൊല്ലിയുള്ള തര്‍ക്കം ദേശീയനേതൃത്വത്തിനും തലവേദന. പിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഏകപക്ഷീയമായി തയ്യാറാക്കിയ പട്ടികയ്ക്കെതിരായി എ–- ഐ ഗ്രൂപ്പുകൾ ശക്തമായി രംഗത്ത്. പ്ലീനറി വേദിയിൽ പ്രശ്നപരിഹാരത്തിന് ഹൈക്കമാൻഡ് നടത്തിയ ശ്രമം ഇരുവിഭാഗത്തിന്റെയും പിടിവാശിയാൽ പരാജയപ്പെട്ടു. പ്ലീനറിയിലേക്ക് സുധാകരൻ നാമനിർദേശം ചെയ്ത 60 പേരുടെ പട്ടികയിൽ ഉൾപ്പെട്ടവരെ അക്കാര്യം അറിയിച്ചത് തലേന്നുമാത്രം. പലർക്കും എത്തിച്ചേരാനാകാത്തത് പരാതികൾക്ക് വഴിവച്ചു. രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് തുടങ്ങി മുതിർന്ന നേതാക്കളടക്കം പട്ടികയ്ക്കെതിരായി പരസ്യമായി രംഗത്തുവന്നു.
ചർച്ച അട്ടിമറിച്ച് സതീശൻ
കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവർ സുധാകരനെയും സതീശനെയും ചെന്നിത്തലയെയും എംഎം ഹസനെയും ചർച്ചയ്ക്കായി വിളിച്ചു. എന്നാൽ, സതീശൻ വിട്ടുനിന്നതോടെ ചർച്ചാനീക്കം പാളി. തന്നെ വിളിക്കാത്തതിൽ കൊടിക്കുന്നിൽ അടക്കമുള്ള നേതാക്കൾ പ്രതിഷേധിക്കുകയും ചെയ്തു. പട്ടികയെച്ചൊല്ലിയുള്ള തർക്കം കേന്ദ്രനേതൃത്വം പരിഹരിക്കുമെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. ഏകപക്ഷീയമായി പട്ടിക തയ്യാറാക്കിയതിനെതിരായി എംപിമാരായ എം കെ രാഘവൻ, രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങിയവരും പരസ്യപ്രതികരണവുമായി രംഗത്തുവന്നു. സംഘടനയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പ്ലീനറിക്കുശേഷവും കേരളത്തിൽ കോൺഗ്രസ് ഗ്രൂപ്പുപോര് രൂക്ഷമാക്കും.