കോഴിക്കോട്
ഫറോക്ക് ചുള്ളിപ്പറമ്പ് വിപഞ്ചികയിൽ ജയറാണി കൈകൊട്ടിപ്പാട്ടിന്റെ താളത്തിനൊപ്പം ചുവടുവെച്ചു. മകൾ നീതു വാസുവും പേരക്കുട്ടി ആര്യ സുജിത്തും ഒപ്പമുണ്ട്. പരുത്തിപ്പാറ ലോക്കൽ കമ്മിറ്റിക്കു കീഴിലെ 12 വനിതകളാണ് കലാരൂപവുമായി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധജാഥയെ വരവേറ്റത്. ഇത്തരത്തിൽ സ്ത്രീകളുടെ വൻഒഴുക്കാണ് പ്രതിരോധജാഥാ സ്വീകരണകേന്ദ്രങ്ങളിൽ. ഒപ്പനയും കോൽക്കളിയും മയിലാട്ടവും ശിങ്കാരിമേളവും ചെണ്ടവാദ്യങ്ങളുമായി ധാരാളം വനിതകൾ. നാലു ജില്ലകളിലെ പര്യടനം പൂർത്തിയാക്കി മലപ്പുറം ജില്ലയിലെത്തിയപ്പോൾ ജാഥ ശ്രദ്ധേയമാകുന്നതും സ്ത്രീ സാന്നിധ്യം കൊണ്ടാണ്.
ജീവിതത്തെ അടിമുടി മാറ്റിമറിച്ച എൽഡിഎഫ് സർക്കാരിന് അഭിവാദ്യമർപ്പിക്കാനാണ് സ്ത്രീകൾ കുടുംബസമേതമെത്തുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിച്ച വിദ്യാർഥികൾ മുതൽ സാമൂഹ്യ സുരക്ഷാ പെൻഷൻ കൈത്താങ്ങായ പ്രായമായവർവരെ അവരിലുണ്ട്.
‘‘സ്ത്രീ ശാക്തീകരണത്തെ ഏറ്റവും പ്രധാനമായാണ് എൽഡിഎഫ് സർക്കാർ കാണുന്നത്. നയപരിപാടികളിലെല്ലാം അത് കാണാം. അതിന്റെ പ്രതിഫലനമാണ് ജനകീയ പ്രതിരോധ ജാഥയിലെ വൻ സ്ത്രീസാന്നിധ്യം. അത് കേരളീയ സമൂഹത്തിനാകെ അഭിമാനാർഹമാണ്’’–- ജാഥാ ക്യാപ്റ്റന്റെ വാക്കുകൾ ശാക്തീകരിക്കപ്പെട്ട സ്ത്രീ സമൂഹത്തിനുള്ള സാക്ഷ്യപ്പെടുത്തലാണ്.
വിവര സാങ്കേതിക രംഗത്തെ പുത്തൻ വൈജ്ഞാനിക വിപ്ലവത്തിന്റെ ഗുണഭോക്താക്കളായി കേരളത്തെ മാറ്റുകയാണ് എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യമെന്ന് ജാഥ ഉറപ്പിച്ചുപറയുന്നു. അഭ്യസ്തവിദ്യരായ 20 ലക്ഷം യുവതീ യുവാക്കൾക്ക് ജോലി നൽകാനുള്ള കർമപദ്ധതികൾ വിശദീകരിക്കുന്നു.
കോഴിക്കോട് ജില്ലയിലെ മൂന്ന് ദിവസം നീണ്ട ആവേശോജ്വല സ്വീകരണങ്ങൾക്കുശേഷം ജാഥ മലപ്പുറം ജില്ലയിലേക്ക് പ്രവേശിച്ചു. കാക്കൂർ, പൂവാട്ടുപറമ്പ്, ഫറോക്ക്, കൊണ്ടോട്ടി, മലപ്പുറം എന്നിവിടങ്ങളിൽ ജാഥയ്ക്ക് വൻവരവേൽപ്പ് നൽകി.
ജാഥ ഇന്ന്
രാവിലെ 10–- വേങ്ങര, 11–- അത്താണിക്കൽ, 3–-ചെമ്മാട്, 4–- താനൂർ,
5–- തിരൂർ.