അമൃത്സർ
പഞ്ചാബിലെ അമൃത്സറിൽ സ്വയംപ്രഖ്യാപിത ആൾദൈവം അമൃത്പാൽ സിങ്ങിന്റെ അടുത്ത അനുയായിയെ പൊലീസ് അറസ്റ്റ് ചെയ്തതിനെത്തുടർന്ന് വൻ സംഘർഷം. ‘വാരിസ് പഞ്ചാബ് ദേ’ തലവൻകൂടിയായ അമൃത്പാൽ സിങ്ങിന്റെ നൂറുകണക്കിന് അനുയായികൾ അജ്നാല പൊലീസ് സ്റ്റേഷൻ ആക്രമിച്ചു. വാളുകളും തോക്കുകളുമായി എത്തിയ സംഘം ബാരിക്കേഡ് തകർത്ത് പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറി.
യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ അമൃത്പാൽ സിങ്ങിന്റെ സഹായി കൂടിയായ ലൗപ്രീത് തൂഫാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരൈ അമൃത്പാൽ സിങ് രംഗത്തെത്തി. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും ഇത് റദ്ദാക്കി ലൗപ്രീതിനെ വിട്ടയക്കണമെന്നും അമൃത്പാൽ ആവശ്യപ്പെട്ടു. അനിഷ്ട സംഭവങ്ങളുണ്ടായാൽ സർക്കാരിനായിരിക്കും ഉത്തരവാദിത്വമെന്നും അമൃത്പാൽ പറഞ്ഞു. തുടർന്നാണ് നൂറുകണക്കിനുപേർ ആയുധങ്ങളുമായി സ്റ്റേഷനിലേക്ക് എത്തിയത്. പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും വൻ സന്നാഹവുമായി എത്തിയവരെ പ്രകോപിപ്പിക്കാതിരിക്കാൻ പിൻമാറി. പിന്നാലെ ലൗപ്രീതിനെ വിട്ടയക്കാൻ പൊലീസ് തയ്യാറായി. ലൗപ്രീത് നിരപരാധിയാണെന്നതിന്റെ തെളിവുകൾ ഹാജരാക്കിയെന്നും അതിനാൽ വിട്ടയക്കാൻ തീരുമാനിച്ചെന്നും അമൃത്സർ പൊലീസ് കമീഷണർ ജസ്കരൻ സിങ് പറഞ്ഞു.















