ഷില്ലോങ്
നിയമസഭാ വോട്ടെടുപ്പിന് രണ്ടുദിവസംമാത്രം ശേഷിക്കെ മേഘാലയയിൽ ബീഫ് വിഷയത്തിൽ മലക്കംമറിഞ്ഞ് ബിജെപി. മേഘാലയയിൽ ബീഫ് കഴിക്കുന്നതിന് നിയന്ത്രണമില്ലെന്നും താനും ബീഫ് കഴിക്കാറുണ്ടെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് ഏണസ്റ്റ് മൗറി പറഞ്ഞു. ബീഫ് കഴിക്കുന്നത് മേഘാലയയിലെ ആളുകളുടെ ജീവിതരീതിയാണെന്നും അത് ആർക്കും തടയാനാകില്ലെന്നും കൂട്ടിച്ചേർത്തു.
ബീഫ് കൈവശംവച്ചതിന്റെ പേരിൽപ്പോലും സംഘപരിവാർ രാജ്യത്താകമാനം ആളുകളെ തല്ലിക്കൊല്ലുന്ന സാഹചര്യത്തിലാണ് മേഘാലയയിലെ മലക്കംമറച്ചിൽ. അയൽ സംസ്ഥാനമായ അസമിൽപ്പോലും കന്നുകാലി കശാപ്പ്, ബീഫ് വിൽപ്പന എന്നിവ നിരോധിച്ച് ബിജെപി സർക്കാർ നിയമം പാസാക്കി. എന്നാൽ, സമാന നിലപാട് മേഘാലയയിൽ തിരിച്ചടിയാകുമെന്ന് കണ്ടാണ് പിൻമാറ്റം.
ബിജെപിയുടെ ബീഫ് വിരുദ്ധ നിലപാടും ക്രിസ്ത്യൻ സമൂഹത്തിനുനേരെയുള്ള ആക്രമണവും സംസ്ഥാനത്ത് പ്രചാരണവിഷയമാണ്. പള്ളികൾക്കും വൈദികർക്കും നേരെയുള്ള ആക്രമണങ്ങൾ ചൂണ്ടിക്കാട്ടി ബിജെപി ക്രിസ്ത്യൻവിരുദ്ധ പാർടിയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. തിങ്കളാഴ്ചയാണ് മേഘാലയയിലും നാഗാലാൻഡിലും വോട്ടെടുപ്പ്. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ.















