ന്യൂഡൽഹി
തമിഴ്നാട്ടിൽ എഐഎഡിഎംകെ ഇടക്കാല ജനറൽ സെക്രട്ടറിയായി എടപ്പാടി കെ പളനിസാമിക്ക് തുടരാമെന്ന് സുപ്രീംകോടതി. ഒ പനീർശെൽവം വിഭാഗത്തിന്റെ ഹർജി തള്ളിയാണ് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. കഴിഞ്ഞ ജൂലൈയിൽ എഐഎഡിഎംകെ പ്രത്യേക ജനറൽ കൗൺസിൽ യോഗം പളനിസ്വാമിയെ ഇടക്കാല ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ച മദ്രാസ് ഹൈക്കോടതി ഡിവിഷൻബെഞ്ച് ഈ തെരഞ്ഞെടുപ്പ് അംഗീകരിച്ചു. ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചതോടെ, എടപ്പാടി പളനിസ്വാമിക്ക് പദവിയിൽ തുടരാം.
ഒപിഎസ്– -ഇപിഎസ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കവുമായി ബന്ധപ്പെട്ട ഹർജികൾ നിലവിൽ മദ്രാസ് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ആ കേസിനെ ഉത്തരവ് ബാധിക്കരുതെന്നും സുപ്രീംകോടതി നിർദേശിച്ചു.
ജയലളിതയുടെ മരണത്തെതുടർന്ന്, ജനറൽ സെക്രട്ടറി സ്ഥാനം ഒഴിവാക്കി കോ–- ഓർഡിനേറ്റർ, ഡെപ്യൂട്ടി കോ–- ഓർഡിനേറ്റർ സ്ഥാനങ്ങൾ നിലനിർത്തിയാണ് എഐഎഡിഎംകെ പ്രവർത്തിച്ചിരുന്നത്. പിന്നീട് ഇരുവിഭാഗവും തമ്മിലുള്ള തർക്കം മുറുകിയതോടെ പളനിസ്വാമി വിഭാഗം പ്രത്യേക ജനറൽ കൗൺസിൽ യോഗം വിളിച്ചുചേർത്ത് പാർടി നിയമാവലികളിൽ ഭേദഗതികൾ കൊണ്ടുവന്നു. പ്രക്ഷുബ്ധമായ യോഗത്തിൽ പനീർശെൽവത്തെ പാർടിയിൽനിന്ന് പുറത്താക്കുകയും ചെയ്തു.















