പൊലീസിൽ വനിതകൾക്ക് സുരക്ഷിതവും വിവേചന രഹിതവും സമത്വപൂർണവുമായ തൊഴിലിടം ഒരുക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ സംസ്ഥാന സംഗമം ‘ഉയരെ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സേനയിൽ വനിതകളുടെ പങ്കാളിത്തം വർധിപ്പിക്കാൻ ബോധപൂർവമായ ഇടപെടലാണ് സർക്കാർ നടത്തിയത്. സ്ത്രീകൾക്കായി പ്രത്യേക റിക്രൂട്ടിങ് നടത്തി. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 23 എസ്ഐമാരടക്കം 1308 വനിതകൾക്കും ഈ സർക്കാർ 296 പേർക്കും നിയമനം നൽകി. കൂടുതൽ വനിതകളെ റിക്രൂട്ട് ചെയ്യും. കുറ്റാന്വേഷണം, ക്രമസമാധാനം, ട്രാഫിക് മാനേജ്മെന്റ് എന്നിവയുൾപ്പെടെയുള്ള വിവിധ മേഖലകളിൽ ശക്തമായ സാന്നിധ്യമാകാൻ വനിതകൾക്കായിട്ടുണ്ട്.
കേസുകളിൽ സ്വതന്ത്രമായ അന്വേഷണച്ചുമതല, ചോദ്യം ചെയ്യൽ, ഫോൺ കോളുകൾ സംബന്ധിച്ച രേഖകളുടെ പരിശോധന, സ്പെഷ്യൽ ബ്രാഞ്ച് പ്രവർത്തനങ്ങൾ, ഇൻക്വസ്റ്റ് തയ്യാറാക്കൽ, ക്രമസമാധാന പാലനം, കോടതി ഡ്യൂട്ടി എന്നിവയ്ക്കും വനിതാ പൊലീസിന്റെ സേവനം കൂടുതലായി വിനിയോഗിക്കണം. സാങ്കേതിക വൈദഗ്ധ്യം കൂടുതൽ ആവശ്യമുള്ള സൈബർ ക്രൈം, ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലും കൂടുതൽ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണന്നും -മന്ത്രി പറഞ്ഞു.ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് അധ്യക്ഷനായി. എഡിജിപി കെ പത്മകുമാർ, ഡിഐജി ആർ നിശാന്തിനി, വിജിലൻസ് ഐജി ഹർഷിത അട്ടല്ലൂരി എന്നിവർ സംസാരിച്ചു.















