ന്യൂഡൽഹി
ഹരിയാനയിൽ പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്ലിം യുവാക്കളെ ചുട്ടുകൊന്ന പ്രതികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ ഹിന്ദു മഹാപഞ്ചായത്തിൽ മുസ്ലിങ്ങൾക്കെതിരെ ആക്രമണത്തിന് ആഹ്വാനം.
ബജ്റംഗദൾ, വിഎച്ച്പി, ഹിന്ദുസേന എന്നിവയുടെ നേതൃത്വത്തിലാണ് ഹരിയാനയിലെ ഹാഥിനിൽ യോഗം ചേർന്നത്. ഹരിയാന പൊലീസിനെ സാക്ഷിയാക്കിയാണ് തീവ്രഹിന്ദുത്വവാദികള് വംശീയവിദ്വേഷം ചൊരിഞ്ഞത്.
‘മുസ്ലിം പുരുഷൻ ഒരു ഹിന്ദു സഹോദരിയെയോ മകളെയോ നോക്കിയാൽ അയാളുടെ കണ്ണിൽ ശൂലം തറയ്ക്കണ’ മെന്ന് ബജ്റംഗദൾ നേതാവ് ആസ്ത മാ ആഹ്വാനം ചെയ്തു. യോഗി ആദിത്യനാഥിൽനിന്ന് പാഠം ഉൾക്കൊണ്ട് യുപിയിലെപ്പോലെ പശുക്കടത്തുകാരുടെ വീട് ബുൾഡോസർകൊണ്ട് ഇടിച്ചുനിരത്താൻ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ നടപടി എടുക്കണമെന്ന് ഹരിയാന ഗോ രക്ഷാദൾ നേതാവ് ആചാര്യ ആസാദ് ആവശ്യപ്പെട്ടു. ‘ഞങ്ങൾ ഹിന്ദുക്കളാണ്, ഹിന്ദുസ്ഥാൻ ഞങ്ങളുടേതാണ്, ജയ് ശ്രീറാം’ തുടങ്ങിയ മുദ്രാവാക്യങ്ങളും മുഴക്കി.
കേസില് പ്രധാന പ്രതിയായി ചേർത്തിരുന്ന മോനു മനേസറിനെതിരെ രാജസ്ഥാൻ പൊലീസിന്റെ നടപടിയുണ്ടായാൽ നിയമം കൈയിലെടുക്കുമെന്ന ഭീഷണിയും യോഗത്തില് മുഴങ്ങി.മോനു മനേസറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൂന്നുദിവസത്തിനിടെ രണ്ടാമത്തെ മഹാപഞ്ചായത്താണ് ഹരിയാനയിൽ നടന്നത്. രാജസ്ഥാൻ പൊലീസുകാർ ഹരിയാന ഗ്രാമങ്ങളിലെത്തിയാൽ ജീവനോടെ തിരിച്ചുപോകില്ലന്ന് ബജ്റംഗദൾ ഭീഷണി മുഴക്കിയിരുന്നു.
മുഖ്യപ്രതികളെ ‘മുക്കി’
രാജസ്ഥാൻ പൊലീസ്
പശുക്കടത്താരോപിച്ച് രണ്ടു മുസ്ലിം യുവാക്കളെ തട്ടിക്കൊണ്ടുവന്ന് ഹരിയാനയിൽ ചുട്ടുകൊന്ന കേസിൽ മുഖ്യപങ്കുണ്ടെന്ന് കരുതുന്ന ബജ്റംഗദൾ നേതാവ് മോനു മനേസറിന്റെയും കൂട്ടാളി ലോകേഷ് സിംഗ്ലയുടെയും പേര് പ്രതിപ്പട്ടികയിൽനിന്ന് വെട്ടി രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ.
സോനുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹരിയാനയിലെ ഹാഥിനിൽ ബജ്റംഗദളും വിഎച്ച്പിയും അടക്കമുള്ള തീവ്രഹിന്ദുത്വ സംഘടനകൾ നടത്തിയ മഹാപഞ്ചായത്തിനുശേഷമാണ് ഇരുവർക്കും രാജസ്ഥാൻ പൊലീസ് ‘ക്ലീൻ ചിറ്റ്’ നൽകിയത്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, അനുരാഗ് ഠാക്കൂർ എന്നിവർക്കൊപ്പം മോനു നിൽക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. മോനു മനേസർ, ലോകേഷ് സിംഗ്ല, റിങ്കു സൈനി, അനിൽ, ശ്രീകാന്ത് പണ്ഡിറ്റ് എന്നിങ്ങനെ അഞ്ചുപേർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പുതുക്കിയ പ്രതി പട്ടികയിൽ മോനുവിന്റെയും ലോകേഷിന്റെയും പേരില്ല. ഭരത്പുർ ജില്ലാ പൊലീസാണ് പട്ടിക പുറത്തുവിട്ടത്.
കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ മോനുവെന്ന മോഹിത് യാദവിന് കൃത്യത്തിൽ പങ്കുണ്ടെന്ന് മൊഴിനൽകിയിരുന്നു. കൊലപാതകം നടക്കുമ്പോൾ താൻ ഗുഡ്ഗാവിലെ ഒരു ഹോട്ടലിൽ ആയിരുന്നെന്ന മോനുവിന്റെയും അന്നേദിവസം മകന്റെ ചികിത്സയ്ക്കായി ആശുപത്രിയിൽ ആയിരുന്നെന്ന ലോകേഷിന്റെയും അവകാശവാദങ്ങൾ ഏറ്റെടുത്താണ് രാജസ്ഥാൻ പൊലീസിന്റെ നടപടി. ഇരുവരും ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം.