ഭരത്പുർ (രാജസ്ഥാൻ)
ഗോരക്ഷ ഗുണ്ടാസംഘം ചുട്ടുകൊന്ന ജുനൈദിന്റെയും നസീറിന്റെയും കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും ആശ്വാസം പകർന്ന് അഖിലേന്ത്യ കിസാൻസഭ നേതാക്കൾ. രാജസ്ഥാനിലെ ഭരത്പുർ ജില്ലയിൽ മേവാത്തിലെ ഘാട്ട്മീക ഗ്രാമത്തിൽ ദുഃഖത്തിലും വേദനയിലും കഴിയുന്ന കുടുംബങ്ങളെ കിസാൻസഭ ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ, ഫിനാൻസ് സെക്രട്ടറി പി കൃഷ്ണപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശിച്ചത്. ഇരുകുടുംബത്തിനും ആദ്യഘട്ട സഹായമായി ലക്ഷം രൂപ വീതം കൈമാറി.
ജുനൈദിന്റെ സഹോദരന്മാരായ യൂസഫ്, ജാഫർ എന്നിവർ സങ്കടം പങ്കിട്ടു. ഗ്രാമത്തിൽ ചെറിയ കട നടത്തിവരികയായിരുന്നു ജുനൈദ്. ജാഫറിന്റെ മകളുടെ വിവാഹാലോചനയ്ക്കാണ് സുഹൃത്തും ഡ്രൈവറുമായ നസീറിനെയും കൂട്ടി ജുനൈദ് കഴിഞ്ഞ 15ന് ഹരിയാന ഭാഗത്തേക്ക് പോയത്. പിറ്റേന്ന് ഹരിയാന ഭിവാനിയിലെ ലൊഹാരുവിൽനിന്ന് ഇരുവരുടെയും കത്തിക്കരിഞ്ഞ ജഡങ്ങളാണ് കിട്ടിയത്. ഇവരെ തട്ടിക്കൊണ്ടുപോയി 15 മണിക്കൂറോളം മർദിച്ചശേഷം തീയിട്ടുകൊല്ലുകയായിരുന്നു. കുടുംബത്തിനു നീതി ലഭ്യമാക്കാൻ കിസാൻസഭ കൂടെനിൽക്കുമെന്ന് നേതാക്കൾ ഉറപ്പ് നൽകി. ജുനൈദിന്റെ മക്കളെയും നേതാക്കൾ ആശ്വസിപ്പിച്ചു.
നസീറിന്റെ വീട്ടിലെത്തി സഹോദരന്മാരായ മഹ്മൂദ്, ഹാമിദ് എന്നിവരെയും ഇതര കുടുംബാംഗങ്ങളെയും നേതാക്കൾ കണ്ടു. കിസാൻസഭ അഖിലേന്ത്യ വൈസ്പ്രസിഡന്റ് ഇന്ദ്രജിത് സിങ്, കർഷക തൊഴിലാളി യൂണിയൻ ജോയിന്റ് സെക്രട്ടറി വിക്രം സിങ്, രാജസ്ഥാൻ കിസാൻസഭ ജോയിന്റ് സെക്രട്ടറി സഞ്ജയ് മാധവ്, സിഐടിയു ഹരിയാന സംസ്ഥാന പ്രസിഡന്റ് സത്ബീർ സിങ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. മുസ്ലിങ്ങൾക്കും ദളിതർക്കും ആദിവാസികൾക്കും എതിരായി നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഗ്രാമത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണയിലും നേതാക്കൾ സംസാരിച്ചു.