തിരുവനന്തപുരം
വ്യാജരേഖ ഹാജരാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി അനർഹർ തട്ടിയതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ. കുറ്റംചെയ്തവരെ കണ്ടെത്തി തക്ക ശിക്ഷ ഉറപ്പാക്കുന്ന തരത്തിൽ പഴുതടച്ച അന്വേഷണത്തിനാണ് മുഖ്യമന്ത്രിയുടെ നിർദേശം.
ദുരിതാശ്വാസ നിധിയിൽനിന്ന് അനർഹർ സഹായം നേടിയെടുക്കുന്നതായി ചില പരാതികൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനാണ് സമഗ്ര പരിശോധനയ്ക്ക് വിജിലൻസിനെ ചുമതലപ്പെടുത്തിയത്. ഒരേ നമ്പരിൽനിന്ന് ദുരിതാശ്വാസനിധി സഹായ അപേക്ഷകൾ വന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് അന്വേഷിക്കാൻ നിർദേശിച്ചത്.
എല്ലാ ജില്ലകളിലും തട്ടിപ്പ് നടന്നതായി വിജിലൻസ് കണ്ടെത്തി. പണം തട്ടിയെടുക്കാൻ ചില ഡോക്ടർമാർ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഏതാനും ഏജന്റുമാരാണ് തട്ടിപ്പുകൾക്ക് പിന്നിൽ. ഇതേക്കുറിച്ചെല്ലാം വിജിലൻസ് അന്വേഷിക്കുകയാണ്. ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. മൂവായിരത്തിലധികം ഫയലുകളാണ് പരിശോധിക്കുക.
പാവങ്ങൾക്കും രോഗികൾക്കും നൽകേണ്ട ഫണ്ടിൽനിന്ന് ഒരു രൂപപോലും അനധികൃതമായി ആരും കൊണ്ടുപോകരുതെന്ന് സർക്കാരിന് നിർബന്ധമുണ്ട്. അതുകൊണ്ട് വിട്ടുവീഴ്ചയില്ലാത്തവിധം അന്വേഷണം നടത്തി കർശന നടപടിയിലേക്ക് കടക്കും. എന്നാൽ, തട്ടിപ്പിനെതിരെ നടപടിയെടുക്കുന്ന സർക്കാരിനെത്തന്നെ പ്രതിക്കൂട്ടിലാക്കാനും വെട്ടിപ്പുകളെ പ്രോത്സാഹിപ്പിക്കാനുമാണ് ചില മാധ്യമങ്ങളും പ്രതിപക്ഷവും ശ്രമിക്കുന്നത്.
ദുരിതാശ്വാസ നിധിയിൽ പണം അനുവദിക്കുന്നത് ഇങ്ങനെ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് സഹായം വിതരണം ചെയ്യുന്നത് സുതാര്യമായ രീതിയിൽ. രണ്ടു ലക്ഷം രൂപയിൽ താഴെ വാർഷികവരുമാനം ഉള്ളവർക്ക് ചികിത്സാസഹായത്തിന് അപേക്ഷിക്കാം. അതത് വില്ലേജ് ഓഫീസർമാർ നൽകുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കലക്ടറേറ്റിൽനിന്ന് സിഎംഡിആർഎഫിലേക്ക് അപേക്ഷ കൈമാറും. ഡോക്ടർമാരുടെ സർട്ടിഫിക്കറ്റുകൾ അടക്കം എല്ലാ രേഖകളും പരിശോധിക്കുന്നത് വില്ലേജ് ഓഫീസിലാണ്.
സംഘടിത കുറ്റകൃത്യം:
മനോജ് എബ്രഹാം
ദുരിതാശ്വാസ നിധിയിൽ നിന്ന് അനർഹർ പണം തട്ടിയെടുത്തത് സംഘടിത കുറ്റകൃത്യമാണെന്ന് വിജിലൻസ് മേധാവി മനോജ് എബ്രഹാം. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് അന്വേഷണത്തിന് നിർദേശം നൽകിയത്. ചില ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. എത്ര രൂപ തട്ടിയെടുത്തിട്ടുണ്ട് എന്നറിയാൻ കൂടുതൽ പരിശോധന ആവശ്യമാണ്.