ന്യൂഡൽഹി
ആറ് വയസ്സ് തികഞ്ഞവരെ മാത്രമേ ഒന്നാം ക്ലാസിൽ പ്രവേശിക്കാവൂ എന്ന് നിർദേശിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തയച്ചു. 2020ലെ ദേശീയ വിദ്യാഭ്യാസനയത്തിന്റെ അടിസ്ഥാനത്തിലാണിത്. മൂന്ന് വയസ്സ് മുതൽ മൂന്നുവർഷം പ്രീ–-സ്കൂൾ വിദ്യാഭ്യാസം നൽകണമെന്നും ആറ് മുതൽ എട്ട് വയസ്സ് വരെ രണ്ട് വർഷം പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പ്രാഥമികഘട്ടം നൽകണമെന്നും പുതിയ നയത്തിൽ നിഷ്കർഷിക്കുന്നു.
പ്രീ–-സ്കൂൾ അധ്യാപകരെ വാർത്തെടുക്കാൻ രണ്ട് വർഷ ഡിപ്ലോമ കോഴ്സുകൾ തുടങ്ങണമെന്നും സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടു. കേരളമടക്കം പല സംസ്ഥാനത്തും അഞ്ച് വയസ്സ് തികഞ്ഞവരെ ഒന്നാം ക്ലാസിൽ പ്രവേശിപ്പിക്കുന്നുണ്ട്.