ന്യൂഡൽഹി
ഏക്നാഥ് ഷിൻഡെ പക്ഷത്തെ യഥാർഥ ശിവസേനയായി അംഗീകരിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനത്തിനെതിരെ ഉദ്ധവ് താക്കറെ സമർപ്പിച്ച ഹർജിയിൽ സ്റ്റേ അനുവദിക്കാതെ സുപ്രീംകോടതി. ഈ അവസരത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനം സ്റ്റേ ചെയ്യാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗബെഞ്ച് നിരീക്ഷിച്ചു.
ഏക്നാഥ് ഷിൻഡെ പക്ഷം പാർടി ഓഫീസുകളും ബാങ്ക് അക്കൗണ്ടുകളും തിരക്കിട്ട് പിടിച്ചടക്കുന്നതിനാൽ അടിയന്തരമായി സ്റ്റേ അനുവദിക്കണമെന്ന് ഉദ്ധവ് താക്കറെയ്ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിൽ ഓഫീസുകളുടെയും ബാങ്ക് അക്കൗണ്ടുകളുടെയും കാര്യമൊന്നും പറയുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാണിച്ചു.
പാർടി പേര്, ചിഹ്നം പോലെയുള്ള കാര്യങ്ങളാണ് ഉത്തരവിലുള്ളത്. അതിനെതിരായ ഹർജിയാണ് കോടതി മുമ്പാകെയുള്ളത്. തെരഞ്ഞെടുപ്പ് കമീഷന്റെ വാദങ്ങൾ കേൾക്കാതെ അവരുടെ ഉത്തരവ് സ്റ്റേ ചെയ്യുന്നത് ശരിയായ നടപടിയല്ല. അതുകൊണ്ട്, ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് അയക്കാൻ നിർദേശിക്കുന്നെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.