ന്യൂഡൽഹി
രാഷ്ട്രീയ നാടകങ്ങൾക്കും സംഘർഷങ്ങൾക്കുമൊടുവിൽ എഎപിയുടെ ഷെല്ലി ഓബ്റോയ് ഡൽഹി കോർപറേഷൻ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. എഎപിയുടെതന്നെ ആലി മുഹമ്മദ് ഇഖ്ബാലാണ് ഡെപ്യൂട്ടി മേയർ. മൂന്നുതവണ എഎപി–- ബിജെപി സംഘർഷത്തിൽ മുടങ്ങിയ തെരഞ്ഞെടുപ്പ് സുപ്രീംകോടതി ഇടപെടലോടെയാണ് നടത്തിയത്. ലഫ്. ഗവർണർ വി കെ സക്സേന നാമനിർദേശം ചെയ്തവർക്ക് വോട്ട് ചെയ്യാനാകില്ലെന്ന കോടതി ഉത്തരവോടെ ബിജെപി പരാജയപ്പെടുമെന്ന് ഉറപ്പായിരുന്നു.
ഈസ്റ്റ് പട്ടേൽ വാർഡിൽനിന്ന് ആദ്യമായി കൗൺസിലറായ ഷെല്ലി ഓബ്റോയ്ക്ക് 150 വോട്ടും ബിജെപി സ്ഥാനാർഥി രേഖ ഗുപ്തയ്ക്ക് 116 വോട്ടും ലഭിച്ചു. ഡെപ്യൂട്ടി മേയറായി ജയിച്ച ആലി മുഹമ്മദ് ഇഖ്ബാലിന് 147 വോട്ട് ലഭിച്ചു. 1977ന് ശേഷം ആദ്യമായാണ് ഡൽഹിയിൽ മുസ്ലിം വിഭാഗത്തിൽനിന്ന് ഡെപ്യൂട്ടി മേയർ വരുന്നത്. 9 അംഗങ്ങളുള്ള കോൺഗ്രസ് വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.