കണ്ണൂർ
രാജ്യത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചുവന്ന കോട്ടയിൽ ജനകീയ പ്രതിരോധ ജാഥയ്ക്ക് വീരോചിത വരവേൽപ്പ്. ബുധനാഴ്ചത്തെ അഞ്ച് സ്വീകരണ കേന്ദ്രങ്ങളിലും പുതിയകാലത്തിന്റെ വെല്ലുവിളി ഏറ്റെടുക്കാൻ പാർടിയെ സജ്ജമാക്കുന്ന ജാഥയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ഒഴുകിയെത്തിയത് പതിനായിരങ്ങൾ. കേരളത്തെ തകർക്കാൻ ശ്രമിക്കുന്ന, വർഗീയ അജൻഡ നടപ്പാക്കുന്ന കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള ജനങ്ങളുടെ പടയണിയായിരുന്നു ജാഥാ സ്വീകരണങ്ങൾ. എല്ലാവിഭാഗവും കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ കേളത്തിന്റെ ജനകീയ പ്രതിരോധത്തിൽ പങ്കാളികളായി.
സാമ്രജ്യത്വത്തിനും ജന്മി–-നാടുവാഴിത്തത്തിനുമെതിരെ ചോരകൊണ്ട് വീരേതിഹാസം രചിച്ച പോരാളികളുടെ സ്മരണകൾ ഇരമ്പുന്ന നാടുകളിലൂടെയും എൽഡിഎഫ് സർക്കാരിന്റെ വികസനനേട്ടങ്ങളുടെ വീഥികളിലൂടെയുമായിരുന്നു ജാഥാപ്രയാണം. ജാഥയുടെ സഞ്ചാരപഥങ്ങളിലായിരുന്നു വികസനവിരുദ്ധരുടെ മഹാസഖ്യം തോറ്റോടിയ കീഴാറ്റൂരിലെ ദേശീയപാതയും അന്താരാഷ്ട്രനിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും പാവപ്പെട്ട രോഗികൾക്ക് അത്യന്താധുനിക ചികിത്സാസംവിധാനങ്ങളുള്ള ആതുരാലയങ്ങളും അടുക്കളകളിൽ നേരിട്ടെത്തുന്ന സിറ്റി ഗ്യാസും ഉൾപ്പെടെയുള്ള വികസനക്കാഴ്ചകൾ.
സാമ്രജ്യത്വത്തെ വിറപ്പിച്ച മോറാഴയുടെ സമരവീര്യവും കൊലമരത്തെ വെല്ലുവിളിച്ച കെ പി ആർ ഗോപാലന്റെ ധീരതയും കുടികൊള്ളുന്ന തളിപ്പറമ്പിലായിരുന്നു ബുധനാഴ്ച ആദ്യസ്വീകരണം. മകന്റെ ജന്മദിനത്തിൽ ജാഥയെ ആശിർവദിക്കാനെത്തിയ ധീര രക്തസാക്ഷി ധീരജിന്റെ അച്ഛൻ രാജേന്ദ്രനും അമ്മ പുഷ്കലയും എല്ലാവരിലും നൊമ്പരമായി. നടൻ സന്തോഷ് കീഴാറ്റൂർ, സംവിധായകൻ ഷെറി ഗോവിന്ദ് എന്നിവരും തളിപ്പറമ്പിലെത്തിയിരുന്നു. റംഷി പട്ടുവത്തിന്റെ നേതൃത്വത്തിലുള്ള നാടൻപാട്ടും അരങ്ങേറി.
ജന്മി–-നാടുവാഴിത്തത്തിനെതിരായ ഉശിരൻ പോരാട്ടത്തിന്റെ ചിരസ്മരണയായ കാവുമ്പായിലെ ധീരരക്തസാക്ഷികളുടെ മണ്ണായ ശ്രീകണ്ഠപുരത്തായിരുന്നു രണ്ടാമത്തെ സ്വീകരണം. സംസ്ഥാന ജനറൽ സെക്രട്ടറി സജി കുറ്റിയാനിമറ്റത്തിന്റെ നേതൃത്വത്തിൽ കേരള കോൺഗ്രസ്–- എം പ്രവർത്തകർ ജാഥയെ വരവേറ്റത് ആവേശമായി.
സാമ്രജ്യത്വവിരുദ്ധ സമരത്തിന്റെ കേന്ദ്രമായ മട്ടന്നൂരിലായിരുന്നു മൂന്നാമത്തെ സ്വീകരണം. ആയിരങ്ങളുടെ വരവേൽപ്പാണ് മട്ടന്നൂരിൽ ലഭിച്ചത്. വർഗീയ ഫാസിസത്തിനെതിരായ ചെറുത്തുനിൽപ്പിന്റെ കേന്ദ്രമായ പാനൂരിലെ സ്വീകരണം വ്യത്യസ്തമായിരുന്നു. ഇരു വർഗീയതകൾക്കെതിരെയും ശക്തമായ നിലപാട് സ്വീകരിക്കുന്ന പാർടിയുടെ ജാഥയ്ക്ക് ഊഷ്മള സ്വീകരണമായിരുന്നു പാനൂരിൽ. എൽഡിഎഫ് സർക്കാരിന്റെ വികസനനേട്ടങ്ങളുടെ നെറുകയിൽ നിൽക്കുന്ന ജില്ലാ ആസ്ഥാനമായ കണ്ണൂരിലായിരുന്നു ബുധനാഴ്ചത്തെ സമാപനം. ന്യൂനപക്ഷങ്ങളിൽനിന്നടക്കം ആയിരങ്ങളാണ് ജാഥയെ വരവേറ്റത്.
റെഡ് വളന്റിയർ ഗാർഡ് ഓഫ് ഓണർ, ചുവപ്പ് വാഹനങ്ങളുടെ അകമ്പടി, വിവിധ കലാപരിപാടികൾ, ബാൻഡ് വാദ്യം, തുറന്ന വാഹനങ്ങളിലെ സ്വീകരണം എന്നിവ ജാഥയെ അവിസ്മരണീയമാക്കി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ, ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജയരാജൻ, ടി വി രാജേഷ്, ഡോ. വി ശിവദാസൻ എംപി, എൻ ചന്ദ്രൻ എന്നിവർ ജാഥയെ അനുഗമിച്ചു.
തളിപ്പറമ്പിൽ ടി കെ ഗോവിന്ദൻ അധ്യക്ഷനായി. കെ സന്തോഷ് സ്വാഗതം പറഞ്ഞു. ശ്രീകണ്ഠപുരത്ത് പി വി ഗോപിനാഥ് അധ്യക്ഷനായി. എം കരുണാകരൻ സ്വാഗതം പറഞ്ഞു. മട്ടന്നൂരിൽ പി പുരുഷോത്തമൻ അധ്യക്ഷനായി. എൻ വി ചന്ദ്രബാബു സ്വാഗതം പറഞ്ഞു. പാനൂരിൽ കെ ഇ കുഞ്ഞബ്ദുള്ള അധ്യക്ഷനായി. കെ ധനഞ്ജയൻ സ്വാഗതം പറഞ്ഞു. കണ്ണൂരിൽ കെ വി സുമേഷ് അധ്യക്ഷനായി. എം ഷാജർ സ്വാഗതം പറഞ്ഞു.