ലണ്ടൻ
യൂറോപ ലീഗ് രണ്ടാംപാദ പ്ലേ ഓഫിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്–-ബാഴ്സലോണ പോരാട്ടം ഇന്ന്. നൗകാമ്പിൽ നടന്ന ആദ്യപാദം 2–-2ന് പിരിഞ്ഞിരുന്നു. യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ്ട്രാഫോർഡിൽ രാത്രി ഒന്നരയ്ക്കാണ് കളി. ജയിക്കുന്നവർ പ്രീ ക്വാർട്ടറിലേക്ക് മുന്നേറും.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മുന്നേറുന്ന യുണൈറ്റഡും സ്പാനിഷ് ലീഗിൽ ഒന്നാമതുള്ള ബാഴ്സയും ആദ്യപാദത്തിൽ ആവേശകരമായ പോരാട്ടമായിരുന്നു. സാവിയുടെ ബാഴ്സയെ പരിക്കും സസ്പെൻഷനും തളർത്തിയിട്ടുണ്ട്. പടക്കുതിരകളായ പെഡ്രിയും ഗാവിയും ഇല്ലാതെയാണ് കളിക്കുക. പെഡ്രിക്ക് പരിക്കാണ്. ഗാവി സസ്പെൻഷനിലും. പരിക്കുമാറി ക്യാപ്റ്റൻ സെർജിയോ ബുസ്ക്വെറ്റ്സ് തിരിച്ചെത്തുന്നതാണ് ആശ്വാസം. മറുഭാഗത്ത് എറിക് ടെൻ ഹാഗിന്റെ യുണൈറ്റഡിന് ശുഭകരമാണ് കാര്യങ്ങൾ. പരിക്കിലായിരുന്ന ആന്തണിയും ഹാരി മഗ്വയറും മടങ്ങിയെത്താൻ സാധ്യതയുണ്ട്. മികച്ച ഫോമിലുള്ള ഗോളടിക്കാരൻ മാർകസ് റാഷ്ഫഡിലാണ് പ്രതീക്ഷ.















