തിരുവനന്തപുരം
രാജ്യത്ത് ആദ്യമായി വിദ്യാർഥികളുടെ ആരോഗ്യവും കായികക്ഷമതയും വർധിപ്പിക്കുന്നതിനും കായികപ്രതിഭകളെ കണ്ടെത്തുന്നതിനും മൊബൈൽ ഫിറ്റ്നസ് പരിശോധനാ യൂണിറ്റ് പുറത്തിറക്കി കേരളം. ആദ്യഘട്ടത്തിൽ അഞ്ച് ഫിറ്റ്നസ് ബസുകളാണ് കായികവകുപ്പ് പുറത്തിറക്കിയത്. 14 ജില്ലയിലും ബസ് പര്യടനം നടത്തും. വിദ്യാർഥികളുടെ കരുത്തും ശാരീരിക വഴക്കവും വേഗതയുമെല്ലാം നിർണയിക്കുന്ന പതിമൂന്ന് പരിശോധനകൾ ഫിറ്റ്നസ് ബസുകളിൽ നടത്തും. പ്രതിഭയുള്ള കുട്ടികളെ കണ്ടെത്താനും അവരെ ഏറ്റവും അനുയോജ്യമായ കായിക ഇനങ്ങളിലേക്ക് തിരിച്ചുവിടാനും ഇതിലൂടെ സാധിക്കും. ഓരോ കുട്ടിക്കും അനുയോജ്യമായ രീതിയിൽ പരിശീലനവും വ്യായാമവും ഭക്ഷണവും ക്രമീകരിക്കും. ശാരീരിക ശേഷി പരിശോധിക്കുന്നതിനുള്ള യോ-യോ പരിശോധന, പ്ലാങ്ക്, സ്കൗട്ട്, മെഡിസിൻ ബോൾ ത്രോ, പുഷ് അപ്സ്, മെയ് വഴക്കം പരിശോധിക്കാനുള്ള സിറ്റ് ആൻഡ് റീച്ച്, ശരീര തുലനാവസ്ഥ അളക്കാനുള്ള പരിശോധന തുടങ്ങിയവയാണ് നടത്തുക.
ആറു മുതൽ 12വരെയുള്ള ക്ലാസുകളിൽനിന്നായി 12നും 17നും ഇടയിൽ പ്രായമുള്ള പതിനായിരം കുട്ടികളായിരിക്കും ആദ്യ ഘട്ടത്തിലെ ഗുണഭോക്താക്കൾ. കായിക യുവജന കാര്യാലയത്തിനും പൊതു വിദ്യാഭ്യാസ വകുപ്പിനും ഫിഷറീസ് വകുപ്പിനും പട്ടികജാതി- പട്ടിക വർഗ വികസന വകുപ്പുകൾക്കും കീഴിൽ വരുന്ന തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലാണ് ആദ്യം പരിശോധന നടക്കുക. ഓരോ ബസിലും പ്രതിദിനം 200 കുട്ടികളെ വീതം പരിശോധിക്കും. ഫിറ്റ്നസ് ബസുകളുടെ ഫ്ളാഗ് ഓഫും ഫിറ്റ്നസ് ആൻഡ് ആന്റിഡ്രഗ് ബോധവൽക്കരണ പ്രചാരണ പരിപാടിയുടെ ഉദ്ഘാടനവും വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കായിക മന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷനാകും. ഫിറ്റ്നസ് ബസുകളുടെ പര്യടനം വ്യാഴാഴ്ച ആരംഭിക്കും. മാർച്ച് ഒമ്പതിന് ആദ്യഘട്ടം സമാപിക്കും.