കേപ്ടൗൺ
കഴിഞ്ഞതവണത്തെ ഫൈനലാണ് ഇക്കുറി സെമി. ഇന്ത്യയും ഓസ്ട്രേലിയയും മുഖാമുഖം. ട്വന്റി20 വനിതാ ക്രിക്കറ്റ് ലോകകപ്പ് സെമി ഇന്ന് വൈകിട്ട് ആറരയ്ക്കാണ്. മത്സരം സ്റ്റാർ സ്പോർട്സിൽ തത്സമയം കാണാം. രണ്ടാം സെമിയിൽ ഇംഗ്ലണ്ട് നാളെ ദക്ഷിണാഫ്രിക്കയെ നേരിടും.
അവസാന ലോകകപ്പ് 2020ൽ ആയിരുന്നു. അന്ന് ഫൈനലിൽ ഓസീസ് 85 റണ്ണിന് ഇന്ത്യയെ തകർത്ത് കിരീടം നിലനിർത്തി. ലോകകപ്പിന്റെ ഏഴ് വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ഫൈലിലെത്തിയത്. ഇക്കുറി എട്ടംപതിപ്പിൽ തുടർച്ചായ രണ്ടാം ഫൈനലാണ് ലക്ഷ്യം. പക്ഷേ, കാര്യങ്ങൾ എളുപ്പമല്ല. ലോകചാമ്പ്യൻമാരായ ഓസീസ് തകർപ്പൻ ഫോമിലാണ്. എ ഗ്രൂപ്പിൽ നാല് കളിയും ജയിച്ച് എട്ട് പോയിന്റോടെ ആധികാരികമായാണ് ഓസ്ട്രേലിയ സെമിയിലെത്തിയത്. ഇന്ത്യ ബി ഗ്രൂപ്പിൽ ഒരു കളി തോറ്റ് ഇംഗ്ലണ്ടിനുപിന്നിൽ രണ്ടാമതായി.
ഓസ്ട്രേലിയ ഏഴ് ലോകകപ്പിൽ അഞ്ചുതവണയും ജേതാക്കളായി. ഒരിക്കൽ റണ്ണറപ്പ്. തുടർച്ചയായി ഏഴാം ഫൈനലാണ് ലക്ഷ്യം. ബാറ്റിലും പന്തിലുമുള്ള ആധികാരികതയാണ് ഓസീസിന്റെ ആത്മവിശ്വാസം. ഇരുടീമുകളും ഏറ്റുമുട്ടിയ അവസാന അഞ്ചുകളിയിൽ നാലിലും ഓസീസിനായിരുന്നു ജയം.
വൈസ് ക്യാപ്റ്റനും ഓപ്പണറുമായ സ്മൃതി മന്ദാനയുടെ ഫോമിലാണ് ഇന്ത്യൻ പ്രതീക്ഷ. പരിക്കുമൂലം ആദ്യകളി വിട്ടുനിന്ന സ്മൃതി അടുത്ത മൂന്ന് കളിയിൽ 149 റൺ നേടി. അതിൽ രണ്ട് അർധസെഞ്ചുറിയുണ്ട്. ഷഫാലി വർമയും ജെമീമ റോഡ്രിഗസും സ്ഥിരതപുലർത്തുന്നില്ല. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ ബാറ്റിലും വലിയ സ്കോറുണ്ടാകുന്നില്ല. റിച്ചാഘോഷിന്റെ തകർപ്പനടി ആശ്വാസമാണ്. രേണുക ഠാക്കൂറിന്റെ പേസും ദീപ്തി ശർമയുടെ സ്പിന്നും ഇന്ത്യയുടെ കുതിപ്പിന് തുണയായിരുന്നു.
ആഴമേറിയ ബാറ്റിങ്നിരയാണ് ഓസീസിന്റെ കരുത്ത്. റണ്ണടിക്കാൻ അലീസ ഹീലിയും പന്തെറിയാൻ മെഗൻ ഷൂട്ടുമുണ്ട്. അലീസ മൂന്ന് കളിയിൽ 146 റൺ നേടി. മെഗൻ എട്ട് വിക്കറ്റെടുത്തു. അവസാനമത്സരത്തിൽ ബംഗ്ലാദേശിനെ 10 വിക്കറ്റിന് തോൽപ്പിച്ചാണ് ദക്ഷിണാഫ്രിക്ക സെമിയിലെത്തിയത്. എ ഗ്രൂപ്പിൽ എട്ട് പോയിന്റ് നേടിയ ഓസീസിനുപിന്നിൽ മൂന്ന് ടീമുകൾക്ക് നാല് പോയിന്റാണ്.
റൺനിരക്കിൽ ന്യൂസിലൻഡിനെയും ശ്രീലങ്കയെയും പിന്തള്ളിയാണ് ആതിഥേയർ രക്ഷപ്പെട്ടത്.