ന്യൂഡൽഹി
സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളുടെ വിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തിൽ ഡൽഹി ഉപമുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി. അഴിമതി നിരോധനനിയമത്തിലെ 17–-ാം വകുപ്പ് പ്രകാരം മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി കെ സക്സേനയെ അറിയിച്ചു.പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി സിബിഐ ലെഫ്.ഗവർണർക്ക് അപേക്ഷ നൽകിയിരുന്നു.
2015ൽ ആംആദ്മി അധികാരത്തിൽ എത്തിയതിന് പിന്നാലെ അഴിമതി തടയുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ‘ഫീഡ്ബാക്ക് യൂണിറ്റ്’ ഉപയോഗിച്ച് രഹസ്യവിവരങ്ങൾ ശേഖരിച്ചെന്നാണ് സിബിഐയുടെ ആരോപണം. ഡൽഹി സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ മനീഷ് സിസോദിയ നിലവിൽ സിബിഐ അന്വേഷണപരിധിയിലുണ്ട്.