ന്യൂഡൽഹി
രാജ്യത്തെ മൂന്ന് കോടിയിൽപ്പരം തൊഴിലാളികൾ അംഗങ്ങളായ ഇഎസ്ഐ പദ്ധതിയെ ദുർബലപ്പെടുത്തുന്ന കേന്ദ്രനയം മറച്ചുപിടിക്കാൻ ‘മാതൃഭൂമി’ പത്രം സംസ്ഥാന സർക്കാരിനെ പഴിക്കുന്നു. ഇഎസ്ഐയെ കേരളം അവഗണിക്കുന്നുവെന്നാണ് മാതൃഭൂമിയുടെ കുറ്റപത്രം. കേന്ദ്രം തൊഴിലാളികൾക്കായി എല്ലാം ചെയ്യുന്നുവെന്നും കേരളം അനാസ്ഥ കാട്ടുന്നുവെന്നും പത്രം ആരോപിക്കുന്നു.
അതേസമയം കേരളത്തിൽ 14 ജില്ലയിലും പൂർണമായി ഇഎസ്ഐ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന് കഴിഞ്ഞ ഒമ്പതിന് തൊഴിൽസഹമന്ത്രി രാമേശ്വർ തേലി രാജ്യസഭയിൽ മറുപടി നൽകി. ഗുജറാത്തിൽ ഒരു ജില്ലയിൽ മാത്രമാണ് പൂർണമായി പദ്ധതി ബാധകം; 19 ജില്ലയിലും ഭാഗികമാണ്. രാജ്യത്താകെയുള്ള 744 ജില്ലയിൽ 609ൽ മാത്രമാണ് ഇഎസ്ഐ പദ്ധതി നടപ്പാക്കിയത്. ഇതിൽ 481 ഇടത്താണ് ജില്ലയിലാകെ പദ്ധതി ബാധകം. 1948ൽ പാസാക്കിയ നിയമപ്രകാരം നിലവിൽവന്ന ഇഎസ്ഐ പദ്ധതിയുടെ വ്യാപനം മോദി സർക്കാർ വന്നശേഷം മന്ദഗതിയിലാണെന്ന് മന്ത്രിയുടെ മറുപടിയോടൊപ്പമുള്ള രേഖകൾ വ്യക്തമാക്കുന്നു.
കേന്ദ്രസർക്കാരിന്റെ സഹായത്താലാണ് പദ്ധതി നിർവഹണമെന്ന് പത്രം അവകാശപ്പെടുന്നു. തൊഴിലാളികളുടെ ശമ്പളത്തിൽനിന്ന് ഈടാക്കുന്ന തുകയാണ് ഇഎസ്ഐ സഞ്ചിത നിധിയിൽ ശേഖരിക്കപ്പെടുന്നത്. സംസ്ഥാന സർക്കാരുകളും വിഹിതം നൽകുന്നു. ഇഎസ്ഐ ഫണ്ടിൽനിന്ന് പലപ്പോഴും കേന്ദ്രത്തിന് പണം ലഭിക്കുന്നു.
ഇഎസ്ഐ കോർപറേഷന്റെ 51 ആശുപത്രിയിലായി ഡോക്ടർമാരുടെയും നഴ്സുമാരുടെയും അടക്കം 2414 തസ്തിക ഒഴിഞ്ഞുകിടക്കുകയാണെന്ന് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഡോ. വി ശിവദാസന് മന്ത്രി മറുപടി നൽകി. നിലവിൽ ജോലി ചെയ്യുന്നവരിൽ മെഡിക്കൽ ജീവനക്കാർ അടക്കം 4416 പേർ കരാർ അടിസ്ഥാനത്തിലാണ്. ഒഴിവുകൾ നികത്താതെയും സ്ഥിരം നിയമനം നടത്താതെയും ഇഎസ്ഐ കോർപറേഷൻ ആശുപത്രികളെ കേന്ദ്രം തളർത്തുമ്പോഴാണ് പത്രത്തിന്റെ ഈ വെള്ളപൂശൽ.