കൊച്ചി
കൈയടക്കത്തോടെ, ക്രിയാത്മകമായി തത്സമയ ഹാസ്യാവതരണം നടത്തിയിരുന്ന പെർഫോമർ, മുഷിപ്പിക്കാതെ ഏതുതരക്കാരായ ആസ്വാദകരെയും മണിക്കൂറുകളോളം തനിക്കുമുന്നിൽ പിടിച്ചിരുത്താൻ കഴിവുണ്ടായിരുന്ന അവതാരക, പ്രോഗ്രാമുകൾ ആസ്വദിച്ച് അവതരിപ്പിച്ചിരുന്ന ഊർജസ്വലയായ കലാകാരി, സ്നേഹസമ്പന്നയായ സുഹൃത്ത്… സുബി സുരേഷ് അടുപ്പക്കാരുടെയെല്ലാം ഓർമകളിൽ ഇങ്ങനെയൊക്കെയാണ്.
സ്റ്റേജിലെ പ്രകടനത്തിൽ സുബിക്ക് അപ്പുറത്തേക്ക് ഒരാളില്ലെന്ന് നടൻ ജയറാം പറഞ്ഞു. ഏതു കഥാപാത്രത്തെയും അതിവേഗം ഉൾക്കൊള്ളാനും അനായാസം വിസ്മയകരമായി അവതരിപ്പിക്കാനും കഴിവുണ്ടായിരുന്നു. ഒരുപാട് സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടില്ല. എന്നാൽ, ഏറെ സ്റ്റേജുകളിൽ ഒരുമിച്ച് പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റാൻഡ്-അപ് കോമഡിയെക്കുറിച്ച് കേട്ടുകേൾവിപോലുമില്ലാത്ത കാലത്ത് അതു വിജയകരമായി വേദിയിൽ അവതരിപ്പിച്ച കലാകാരിയാണ് സുബിയെന്ന് കലാഭവൻ പ്രസാദ് അനുസ്മരിച്ചു. ഹാസ്യവേദി അടക്കിവാണിരുന്ന പുരുഷൻമാർക്കുപോലും കഴിയാത്തരീതിയിലാണ് അവർ കൗണ്ടറുകൾ കൈകാര്യം ചെയ്തത്. ആറാംക്ലാസിൽ പഠിക്കുമ്പോഴാണ് നൃത്തം അഭ്യസിക്കാൻ സുബി കലാഭവനിൽ എത്തിയത്. പത്താംക്ലാസ് വിദ്യാർഥിയായിരിക്കെ മികച്ച പ്രൊഫഷണലായിക്കഴിഞ്ഞിരുന്നു. ഒന്നിച്ച് നിരവധി സ്റ്റേജ് പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടുണ്ട്. സ്റ്റാൻഡ്-അപ് കോമഡി 20 വർഷംമുമ്പേ സുബി ചെയ്യുന്നതാണ്. അരമണിക്കൂറൊക്കെ തുടർച്ചയായി സംസാരിച്ച് ആളുകളെ ചിരിപ്പിക്കാൻ സുബിയെപ്പോലെ കഴിവുള്ള മറ്റൊരു താരമുണ്ടോ എന്ന് സംശയമാണെന്നും പ്രസാദ് പറഞ്ഞു.
നിറഞ്ഞ ചിരിയോടെ മലയാളി പ്രേക്ഷകരുടെ സ്നേഹം കവർന്ന പ്രിയപ്പെട്ട കലാകാരി എന്നാണ് മോഹൻലാൽ സുബിയെ അനുസ്മരിച്ചത്. അഭിനയത്തിലും അവതരണത്തിലും ഇനിയും ഒരുപാട് ഉയർച്ചകളിലേക്ക് പോകേണ്ടിയിരുന്ന കലാകാരിയായിരുന്നെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. മമ്മൂട്ടിയും അനുശോചിച്ചു.
ഇരുപതു വർഷത്തിലേറെ പഴക്കമുള്ള സൗഹൃദമാണ് സുബിയുമായി ഉണ്ടായിരുന്നതെന്ന് അവർക്കൊപ്പം നിരവധി സ്റ്റേജ് ഷോകളിൽ പങ്കെടുത്തിട്ടുള്ള രമേഷ് പിഷാരടി പറഞ്ഞു. ഒരാഴ്ചമുമ്പ് ഐസിയുവിൽ കയറി സുബിയെ കണ്ടിരുന്നു. കഴിഞ്ഞദിവസവും ആശുപത്രിയിലെ ചീഫിനോട് സംസാരിച്ചു. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി എല്ലാവരും ആത്മാർഥമായി പരിശ്രമിച്ചെങ്കിലും സുബി നമ്മെ വിട്ടുപോയെന്ന് രമേശ് പിഷാരടി പറഞ്ഞു.
നടൻ ദിലീപ്, എം ജി ശ്രീകുമാർ, ടിനി ടോം, അജു വർഗീസ്, സ്നേഹ ശ്രീകുമാർ, ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും പ്രിയ സഹപ്രവർത്തകയുടെ വിയോഗത്തിൽ അനുശോചിച്ചു. ‘മറക്കാത്ത ഓർമകളുമായി സുബി, ആദരാഞ്ജലികൾ’ ദിലീപ് ഫെയ്സ്ബുക്കിൽ കുറിച്ചു.
‘മിമിക്രിയിൽ വന്ന കാലഘട്ടംമുതൽ കൂടെയുണ്ടായ സഹപ്രവർത്തക, വിട കൂട്ടുകാരി’ ടിനി ടോം കുറിച്ചു. പഞ്ചവർണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, ഗൃഹനാഥൻ, കില്ലാഡി രാമൻ, ലക്കി ജോക്കേഴ്സ്, എൽസമ്മ എന്ന ആൺകുട്ടി, തസ്കര ലഹള, ഹാപ്പി ഹസ്ബൻഡ്സ്, ഡിറ്റക്ടീവ്, ഡോൾസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.