മുംബൈ> വിഖ്യാത മോഹിനിയാട്ടം നര്ത്തകിയും നൃത്ത സംവിധായകയുമായ ഡോ. കനക് റെലെ (85) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ബുധൻ രാവിലെയായിരുന്നു അന്ത്യം. കേരളത്തിന്റെ തനതു കലകളായ മോഹിനിയാട്ടത്തിനും കഥകളിക്കും ഇന്ത്യയിൽ പ്രചാരം നൽകുന്നതിൽ പ്രധാന പങ്ക് വഹിച്ചു. രാജ്യമെമ്പാടും വിപുലമായ ശിഷ്യസമ്പത്തുണ്ട്.
മുംബൈ നളന്ദ നൃത്ത ഗവേഷണകേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടറാണ്. നളന്ദ നൃത്തകലാ മഹാവിദ്യാലയത്തിന്റെ സ്ഥാപക പ്രിൻസിപ്പലായും പ്രവർത്തിച്ചു. 1937-ല് ഗുജറാത്തിൽ ജനിച്ച കനക് അച്ഛന്റെ മരണത്തെതുടർന്ന് കൊല്ക്കത്തയിലെ ശാന്തിനികേതനിൽ എത്തി. അവിടെവച്ചാണ് നൃത്തം അഭ്യസിക്കുന്നത്. മുംബൈയിലെ ഗവ. ലോ കോളേജില്നിന്ന് നിയമബിരുദവും മാഞ്ചസ്റ്റര് യൂണിവേഴ്സിറ്റിയില്നിന്ന് നാഷണല് ലോയില് പിജി ഡിപ്ലോമയും നേടിയെങ്കിലും നൃത്തത്തെ ജീവിതസപര്യയാക്കി.