തിരുവനന്തപുരം> കെട്ടിടനികുതിയൊടുക്കിയില്ലെന്ന മലയാള മനോരമ വാർത്ത നിഷേധിച്ച് രാജ്ഭവൻ. ‘രാജ്ഭവൻ കെട്ടിട നികുതി നൽകാതായിട്ട് 4 വർഷം’ എന്ന തലക്കെട്ടിലാണ് വാർത്ത പ്രസിദ്ധീകരിച്ചത്. 2022- 23 സാമ്പത്തിക വർഷം നൽകാനുള്ള കെട്ടിടനികുതി രാജ് ഭവൻ അടച്ചതാണ്. അക്കൗണ്ടിൽ തുക നൽകിയതിനുശേഷം ഈ വിവരം കാണിച്ച് കഴിഞ്ഞ നവംബർ 24ന് സെക്രട്ടറിക്ക് കത്തും നൽകിയിരുന്നു. 2016- 17 മുതൽ 2023 വരെ മൊത്തം 12.57 ലക്ഷം രൂപ നികുതിയിനത്തിൽ അടച്ചിട്ടുണ്ടെന്ന് രാജ് ഭവൻ വ്യക്തമാക്കി.
എന്നാൽ, ഒന്നരവർഷത്തെ നികുതി കുടിശ്ശികയുടെ നോട്ടീസാണ് രാജ്ഭവന് നൽകിയതെന്നും മനോരമ വാർത്തയുടെ നിജസ്ഥിതി അറിയില്ലെന്നും കോർപ്പറേഷൻ അധികൃതർ അറിയിച്ചു. കെട്ടിട നികുതിയിനത്തിൽ കോർപ്പറേഷന് നിരവധി സ്ഥാപനങ്ങൾ കുടിശിക വരുത്തിയിട്ടുണ്ട്. അവർക്കെല്ലാം നോട്ടീസ് നൽകിവരികയാണ്. കുടിശിക തുകയടക്കം ഉടൻ പിരിച്ചെടുക്കാനാണ് തീരുമാനമെന്നും കോർപ്പറേഷൻ അറിയിച്ചു.