ന്യൂഡൽഹി> ഹിൻഡൻബർഗ് റിപ്പോർട്ടിൽ മുഖം നഷ്ടപ്പെട്ട് നിൽക്കുന്ന അദാനി ഗ്രൂപ്പിനെതിരെ രൂക്ഷവിമർശനവുമായി സൗജന്യ ഓൺലൈൻ എൻസൈക്ലോപീഡിയ സേവനദാക്കളായ വിക്കീപീഡിയ രംഗത്ത്. അദാനി, ഭാര്യ പ്രീതി, മകൻ കരൺ, മരുമകൻ പ്രണവ്, ഗ്രൂപ്പ് കമ്പനികൾ എന്നിവയെ സംബന്ധിച്ച് വിക്കീപീഡിയയിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ലേഖനങ്ങളിൽ കൂലിയെഴുത്തുകാരും വ്യാജഐഡിക്കാരും അദാനിക്ക് അനുകൂലമായി തിരുത്തലുകൾ വരുത്തുകയോ ലേഖനങ്ങൾ പൂർണമായും മാറ്റി എഴുതുകയോ ചെയ്തു എന്നാണ് വെളിപ്പെടുത്തൽ.
വിക്കീപീഡിയയുടെ സ്വതന്ത്ര ഓൺലൈൻ പത്രമായ ‘സൈൻപോസ്റ്റിൽ’ ഇതു സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകാരൻ എന്നാണ് ലേഖനത്തിന്റെ തലക്കെട്ടുള്ളത്. അദാനിയെ സമ്പന്ധിച്ച് ലേഖനങ്ങൾ 25 പേയ്ഡ് എഡിറ്റമാർ വളച്ചൊടിച്ചുവെന്നും പക്ഷപാതപരമായ രീതിയിൽ ലേഖനങ്ങൾ മാറ്റിയെന്നുമാണ് വെളിപ്പെടുത്തൽ. സ്വന്തം പദവി ദുരുപയോഗിച്ചതിന് വിലക്കുള്ള ഹാച്ചൻസ് എന്ന റിവ്യൂവർ വളച്ചൊടിച്ച അദാനി ലേഖനങ്ങൾക്ക് അപ്രൂവൽ നൽകിയെന്നും സൈൻപോസ്റ്റ് വ്യക്തമാക്കി.
അദാനി കമ്പനി ജീവനക്കാരൻ തന്നെ ഓഫീസ് ഐപി അഡ്രസ് ഉപയോഗിച്ച് ഒരു ലേഖനം പൂർണമായും മാറ്റിയെഴുതിയെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തി. നാൽപ്പതോളം പെയ്ഡ് എഡിറ്റർമാരാണ് പണം വാങ്ങി അദാനിക്ക് അനുകൂലമായി ഒമ്പത് ലേഖനങ്ങൾ സൃഷ്ടിക്കുകയോ തിരുത്തുകയോ ചെയ്തിട്ടുള്ളത്.