തിരുവനന്തപുരം> അടുത്ത നാല് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളുടെ എണ്ണം 15000 ആയി വർധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ 4000 സ്റ്റാർട്ടപ്പുകൾ മുഖേന 40000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമായെന്ന് സംസ്ഥാന വനിതാ വികസന കോർപറേഷന്റെ 35ാം വാർഷികവും കെ ആർ ഗൗരിയമ്മ എൻഡോവ്മെന്റ് പ്രഖ്യാപനവും നിർവഹിച്ച് മുഖ്യമന്ത്രി പറഞ്ഞു.
സംരംഭക മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം കൂടുതൽ വർധിപ്പിക്കാനാകണം. തൊഴിൽ രംഗത്തെയും വ്യവസായ രംഗത്തെയും സ്ത്രീകളുടെ പിന്നോട്ടടി പരിഹരിക്കണം. സംരംഭക വർഷത്തിന്റെ ഭാഗമായുള്ള 1.33 സംരംഭങ്ങളിൽ 43000ൽ അധികം സ്ത്രീകളുടേതാണ്. ആകെ 2.8ലക്ഷം തൊഴിലവസരം നൽകാനും 8000 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാനുമായി.
വനിത വികസന കോർപറേഷന് വായ്പയെടുക്കാനുള്ള സർക്കാർ ഗ്യാരണ്ടി എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം ആറിരട്ടിയായി വർധിപ്പിച്ചു. 2016ൽ 145 കോടി ഉണ്ടായിരുന്നത് ഇപ്പോൾ 845 കോടി രൂപയായി. തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണിത്. ബജറ്റിൽ സർക്കാർ വിഭാവനം ചെയ്ത വർക്ക് നിയർ ഹോം പദ്ധതി സ്ത്രീകൾക്ക് എങ്ങിനെ അനുഗുണമാകുമെന്ന് പരിശോധിക്കണം. സ്ത്രീ സമൂഹത്തിന്റെ ക്ഷേമ വികസന കാര്യങ്ങൾക്കായുള്ള വിവിധ പരിപാടികൾ നടപ്പാക്കുന്ന പദ്ധതികൾ നല്ല രീതിയിലുള്ള വികസനത്തിന് ഉപകരിക്കും.
ഇതിനുള്ള അടിത്തറയാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്ത്രീപങ്കാളിത്തം. ഇക്കാര്യത്തിൽ രാജ്യത്ത് ഏറ്റവും ഉയർന്ന നിരക്കാണിത്. അവരുടെ ശേഷി കൂടുതൽ വികസിപ്പിക്കാനാകണമെന്നും വ്യവസായിക, തൊഴിൽ, സംരംഭക മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.