തിരുവനന്തപുരം> കേരളത്തിൽ സംരംഭകത്വത്തിനു കഴിയും എന്ന പൊതുബോധം സൃഷ്ടിക്കാൻ കഴിഞ്ഞതായും അത് എല്ലാവരും ഒത്തൊരുമിച്ചു നടത്തിയ ശ്രമത്തിന്റെ ഫലമാണെന്നും വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. കേരള ചെറുകിട വ്യവസായ അസോസിയേഷൻ (കെഎസ്എസ്ഐഎ) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ വ്യവസായി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വളരെ കഷ്ടപ്പെട്ടാണ് ഈ സംരംഭകാനുകൂല സാഹചര്യം ഉണ്ടാക്കിയത്. അതിനെ തകർക്കാനാണ് ചിലർ ശ്രമിക്കുന്നത്. അതിൽ പ്രതിപക്ഷം ഉണ്ടായിരുന്നില്ല. പ്രതിപക്ഷ എംഎൽഎമാർ അടക്കം ഒറ്റക്കെട്ടായാണ് ഇതുവരെ മുന്നോട്ടുപോയത്. കക്ഷി രാഷ്ട്രീയം ഉണ്ടായിരുന്നില്ല. അപ്പോഴാണ് ഒരു മാധ്യമം പറയുന്നത് പ്രതിപക്ഷമില്ലെങ്കിലും ഞങ്ങൾ ക്യാമ്പയിൻ ഏറ്റെടുക്കുമെന്ന്. അങ്ങനെ വരുമ്പോൾ പ്രതിപക്ഷത്തിനെതിരെ ചോദ്യം ഉയരുമെന്നതുകൊണ്ട് അവർക്ക് ഇറങ്ങേണ്ടിവരുന്നു. ഈ വിവാദങ്ങളിൽ സംരംഭകരും ഉദ്യോഗസ്ഥരും തളരേണ്ടതില്ല. വിവാദം അതിന്റെ വഴിക്കുപോകും. മാധ്യമങ്ങൾ കേരളത്തിന്റെ താൽപ്പര്യത്തിന് എതിരായി നിൽക്കരുത്. വിമർശനം ക്രിയാത്മകമാകണം. നശീകരണത്തിനാകരുതെന്നും അദ്ദേഹം പറഞ്ഞു.
അസോസിയേഷന്റെ വെബ്സൈറ്റിന്റെ ഉദ്ഘാടനവും തിരുവനന്തപുരത്ത് ആരംഭിക്കുന്ന സ്വകാര്യ വ്യവസായ പാർക്കിന്റെ ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് സി എസ് പ്രദീപ്കുമാർ അധ്യക്ഷനായി. സെക്രട്ടറി ഡോ. എം പ്രേംകുമാർ, സംസ്ഥാന പ്രസിഡന്റ് നിസാറുദ്ദീൻ, വ്യവസായ കേന്ദ്രം ജനറൽ മാനേജർ എസ് അജിത്, അസോസിയേഷൻ ജില്ലാ ട്രഷറർ ബി വിനോദ്, വൈസ് പ്രസിഡന്റ് അപർണ പൊതുവാൾ എന്നിവർ സംസാരിച്ചു.