ന്യൂഡൽഹി> കർണാടകത്തിൽ മുസ്ലീം വിദ്യാർഥിനികൾ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് വിലക്കിയതിന് എതിരായ ഹർജികൾ ഉടൻ ലിസ്റ്റ് ചെയ്യണമെന്ന ആവശ്യം പരിഗണിക്കാമെന്ന് സുപ്രീംകോടതി. ബുധനാഴ്ച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് മുമ്പാകെ ഹാജരായ അഡ്വ. ഷാദൻഫറാസത്ത് ഹർജികൾ ഉടൻ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു.
മാർച്ച് ഒമ്പതിന് പ്രീ– യൂണിവേഴ്സിറ്റി പരീക്ഷകൾ തുടങ്ങുകയാണെന്നും കോടതി ഇടപെട്ടില്ലെങ്കിൽ വിദ്യാർഥിനികൾക്ക് ഒരു വർഷം നഷ്ടമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പരീക്ഷയ്ക്ക് ഹാജരാകുന്നതിൽ നിന്നും വിദ്യാർഥിനികളെ ആരാണ് എതിർക്കുന്നതെന്ന് ചീഫ്ജസ്റ്റിസ് ചോദിച്ചു. ഹിജാബ് ധരിച്ചാൽ വിദ്യാർഥിനികളെ പരീക്ഷ എഴുതാൻ അനുവദില്ലെന്നാണ് അധികൃതരുടെ നിലപാടെന്ന് അഭിഭാഷകൻ വിശദീകരിച്ചു.
നേരത്തെ ഹിജാബ് വിലക്കിയുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി ശരിവെച്ചിരുന്നു. ഈ വിധിക്ക് എതിരായ ഹർജികളിൽ സുപ്രീംകോടതി ഒക്ടോബറിൽ ഭിന്നവിധി പുറപ്പെടുവിച്ചു. ഇതേതുടർന്ന്, ഹർജി വിശാലബെഞ്ചിന് വിടേണ്ട സാഹചര്യമുണ്ടായി. വിശാലബെഞ്ച് തീരുമാനമെടുക്കുന്നത് വരെ വിലക്ക് തുടരുമെന്ന കോടതി നിർദേശം നിലവിലുണ്ട്.