കണ്ണൂർ> കോൺഗ്രസ്– ലീഗ്- വെൽഫെയർ പാർടി ത്രയത്തിന്റെ ഒത്താശയോടെയാണ് ജമാഅത്തെ ഇസ്ലാമി– ആർഎസ്എസ് ചർച്ച നടന്നതെന്ന സിപിഐ എം ആരോപണം ശരിവെക്കുന്നതാണ് കോൺഗ്രസ്, ലീഗ് നേതാക്കളുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഡൽഹിയിൽ ഏതോ മുസ്ലീം സംഘടനകൾ ആർഎസ്എസുമായി ചർച്ച നടത്തിയതിന് ഞങ്ങൾക്ക് എന്തുകാര്യം എന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം ചർച്ച നടത്തിയതിന് ഗുഡ്സർട്ടിഫിക്കറ്റ് നൽകലാണെന്നും ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി മാടായിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ജാഥാ ക്യാപ്റ്റൻ കൂടിയായ എം വി ഗോവിന്ദൻ വ്യക്തമാക്കി.
ന്യൂനപക്ഷങ്ങളെ വംശഹത്യക്ക് വിധേയമാക്കണമെന്നും ഉന്മൂലനം ചെയ്യണമെന്നും പറയുന്ന സംഘടനയുമായി ജമാഅത്തെ ഇസ്ലാമി ചർച്ച നടത്തുന്നതിൽ എന്ത് കുഴപ്പമാണുള്ളത് എന്നാണ് വിഡി സതിശൻ ചോദിക്കുന്നതിന്റെ അർഥം. കെപിസിസിയുടെ മൃദു ഹിന്ദുത്വ സമീപനമാണ് ഇതിലുടെ ഒരിക്കൽകൂടി വ്യക്തമാകുന്നത്. ഭരണപരാജയങ്ങൾ മറച്ചുവെക്കാനുള്ള അനാവശ്യവിവാദം ആണിതെന്നാണ് ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പറയുന്നത്. അതായത് ചർച്ച നടത്തിയതിൽ കുഴപ്പമില്ലെന്ന്. കേരളത്തിലെ കൊൺഗ്രസ് ഘടകവും ലീഗും ഒരുപോലെ ചർച്ച നടത്തിയതിൽ കുഴപ്പമില്ലെന്ന് പറയുമ്പോൾ ഏറ്റവും കുടുതൽ ആഹ്ളാദിക്കുന്നത് ആർഎസ്എസായിരിക്കും. രാഷ്ട്രപിതാവിനെ വധിച്ച, ബാബ്റിമസ്ജിദ് തകർത്ത പ്രത്യയശാസ്ത്രം മുന്നോട്ടുവെച്ച സംഘടനക്ക് കേരളത്തിൽ രാഷ്ട്രീയ സാധുത നൽകുകയാണ് ഇരുവരും. ഇതിലെ അപകടം തിരിച്ചറിയാൻ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾക്ക് കഴിയും.
മാതൃഭാഷാദിനത്തിൽ കേരള ഹൈക്കോടതി രണ്ട് ഉത്തരവുകൾ മലയാളത്തിൽ പ്രസിദ്ധീകരിച്ച നടപടിയെ സ്വാഗതം ചെയ്യുന്നു. മാതൃഭാഷയെ പരിപോഷിപ്പിക്കാനും വളർത്താനും കേരള സർക്കാർ സ്വീകരിച്ചുവരുന്ന നടപടികൾക്ക് ഇത്തരം തീരുമാനങ്ങൾ ഏറെ സഹായകരമായിരിക്കും. മാതൃഭാഷാദിനമായ ചൊവ്വാഴ്ച കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് എസ് മണികുമാർ, ജസ്റ്റീസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ രണ്ട് ഉത്തരവുകളാണ് മലയാളത്തിൽ പ്രസിദ്ധീകരിച്ചത്.
തൊഴിലാളികളോടുള്ള മോദി സർക്കാരിന്റെ ക്രൂരമായ അവഗണനക്കുള്ള ഒടുവിലത്തെ ഉദാഹരണമാണ് ഉയർന്ന പെൻഷൻ സംബന്ധിച്ച സുപ്രിം കോടതി വിധി നടപ്പിലാക്കുന്നതിൽ ബോധപൂർവം വരുത്തുന്ന കാലതാമസം. ആനുപാതിക പെൻഷനുള്ള ഓപ്ഷൻ നൽകാൻ സുപ്രിം കോടതി നാലുമാസം അനുവദിച്ചിട്ടും പത്ത് ദിവസം മാത്രം ബാക്കിനിൽക്കെയാണ് ഇപിഎഫ്ഒ ഉത്തരവിറക്കിയത്. ഇറക്കിയ ഉത്തരവാകട്ടെ സർവത്ര ആശയകുഴപ്പം സൃഷ്ടിക്കുന്നതും. ഇക്കാര്യത്തിൽ തൊഴിലാളികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാൻ ഇനിയെങ്കിലും കേന്ദ്ര സർക്കാർ മുന്നോട്ടുവരണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.















