ന്യൂഡൽഹി
അദാനി വിഷയത്തിൽ ചർച്ചയാവശ്യപ്പെട്ട് പ്രതിഷേധിച്ച 12 പ്രതിപക്ഷ എംപിമാർക്കെതിരെ അന്വേഷണം നടത്താൻ പ്രിവിലേജ് കമ്മിറ്റിക്ക് നിർദേശം നൽകി രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർ.
പ്രതിഷേധത്തിൽ സഭ സ്തംഭിച്ചതിൽ അവകാശലംനമുണ്ടായോ എന്ന് പരിശോധിക്കാനാണ് നിർദേശം. ഒമ്പത് കോൺഗ്രസ് എംപിമാർക്കെതിരെയും മൂന്ന് എഎപി എംപിമാർക്കെതിരെയുമാണ് നീക്കം. ജെബി മേത്തർ, സഞ്ജയ് സിങ്, ശക്തിസിൻഹ് ഗോഹിൽ, സുശീൽകുമാർ ഗുപ്ത, സന്ദീപ് കുമാർ പതക്, നരൻഭായ് ജെ രത്വ, സയ്യിദ് നാസിർ ഹുസൈൻ, കുമാർ കേത്കർ, ഇമ്രാൻ പ്രതാപഗർഹി, എൽ ഹനുമന്തയ്യ, ഫൂലോ ദേവി നേതം, രഞ്ജീത് രഞ്ജൻ എന്നിവർക്കെതിരെയാണ് അന്വേഷണം. തുടർച്ചയായി ചോദ്യോത്തരവേള നിർത്തിവച്ച് അദാനി വിഷയം ചർച്ച ചെയ്യാൻ നോട്ടീസ് നൽകിയെന്ന് ആരോപിച്ച് എഎപി അംഗം സഞ്ജയ് സിങ്ങിനെതിരെ മറ്റൊരു അന്വേഷണം നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.
അസാധാരണ നടപടി: യെച്ചൂരി
രാജ്യസഭാ ചെയർമാന്റേത് അസാധാരണ നടപടിയെന്ന വിമർശവുമായി സിപിഐ എം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി. ആദ്യമായാണ് ഒരു ചെയർമാൻതന്നെ പ്രിവിലേജ് കമ്മിറ്റിക്ക് പരാതി നൽകുന്നതെന്ന് യെച്ചൂരി പരിഹസിച്ചു. ചട്ടം 267 അനുസരിച്ച് എല്ലാ ദിവസവും നോട്ടീസ് നൽകാൻ അംഗങ്ങൾക്ക് അവകാശമുണ്ടായിരിക്കെയാണ് കമ്മിറ്റിക്ക് ധൻഖർ പരാതി നൽകിയതെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.















