ന്യൂഡൽഹി
സുപ്രീംകോടതിയിൽ വാദംകേൾക്കൽ തത്സമയം രേഖപ്പെടുത്താൻ നിർമിതബുദ്ധി അടിസ്ഥാനപ്പെടുത്തിയുള്ള സാങ്കേതിക സംവിധാനം. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ ഒന്നാംനമ്പർ കോടതിയിൽ പരീക്ഷണാർഥം ഈ സംവിധാനം പ്രവർത്തിച്ചുതുടങ്ങി. മഹാരാഷ്ട്രയിലെ അധികാരത്തർക്കവുമായി ബന്ധപ്പെട്ട ഹർജിയിൽ ഭരണഘടനാബെഞ്ചിലെ വാദം നിർമിതബുദ്ധി സംവിധാനം രേഖപ്പെടുത്തി.
കോടതിമുറിയിൽ സ്ഥാപിച്ചിട്ടുള്ള സ്ക്രീനിൽ അഭിഭാഷകരുടെ വാദങ്ങൾ തത്സമയം രേഖപ്പെടുത്തി പ്രദർശിപ്പിച്ചു. പുതിയ സാങ്കേതികവിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീംകോടതി ഔദ്യോഗിക വെബ്സൈറ്റിൽ തത്സമയം രേഖപ്പെടുത്തിയവയുടെ ലിങ്ക് പങ്കുവയ്ക്കും. അഭിഭാഷകർക്കും അവ ലഭ്യമാക്കും. കോടതിയുടെ ചരിത്രത്തിലെ നാഴികക്കല്ലാണിതെന്ന് മുതിർന്ന അഭിഭാഷകനും മുൻ നിയമമന്ത്രിയുമായ കപിൽ സിബൽ പ്രശംസിച്ചു.















