ന്യൂഡൽഹി
പശുവിനെ കടത്തിയെന്ന് ആരോപിച്ച് രാജസ്ഥാൻകാരായ രണ്ട് മുസ്ലിംയുവാക്കളെ ചുട്ടുകൊന്ന കേസിലെ പ്രതികൾ ഹരിയാന പൊലീസിനുവേണ്ടി ചാരപ്പണി ചെയ്യുന്നവരെന്ന് റിപ്പോർട്ട്. ‘പശുകള്ളക്കടത്ത്’ വിവരങ്ങൾ പൊലീസിന് കൈമാറുകയും റെയ്ഡ് നടത്താൻ പൊലീസിനൊപ്പം സഞ്ചരിക്കുകയും ചെയ്തിരുന്ന റിങ്കു സൈനി, ലോകേഷ് സിംഗ്ല, ശ്രീകാന്ത് എന്നിവരാണ് ഇരട്ടക്കൊല കേസിലെ മുഖ്യപ്രതികൾ.
ഹരിയാനയിലെ നൂഹ് ജില്ലയിൽ രണ്ടുമാസത്തിൽ പൊലീസെടുത്ത നാല് കേസിൽ ഇവരാണ് സാക്ഷികൾ. സൈനി, സിംഗ്ല, ശ്രീകാന്ത് എന്നിവർ ഗോരക്ഷകർ ചമഞ്ഞ് പ്രവർത്തിക്കുന്നവരാണെന്ന് പൊലീസ് സമ്മതിച്ചു. റെയ്ഡുകളിൽ ചിലപ്പോൾ ഇവരെ ഒപ്പം കൂട്ടിയിരുന്നതായി നൂഹിലെ ഫിറോസ്പുർ ജിർക്ക ഡിവൈഎസ്പി സതീഷ് കുമാറിനെ ഉദ്ധരിച്ച് ‘ദി ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തു.















