തിരുവനന്തപുരം
എ പി ജെ അബ്ദുൾ കലാം ശാസ്ത്ര, സാങ്കേതിക സർവകലാശാല വൈസ് ചാൻസലറെ തെരഞ്ഞെടുക്കുന്നതിന് മൂന്നുപേരുടെ പാനൽ ചാൻസലറായ ഗവർണർ ആരിഫ് മൊഹമ്മദ് ഖാന് സമർപ്പിച്ചു. ഉന്നതവിദ്യാഭ്യാസവകുപ്പാണ് ചൊവ്വാഴ്ച പട്ടിക കൈമാറിയത്. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. ടി പി ബൈജുബായ്, സ്റ്റേറ്റ് പ്രോജക്ട് ഫെസിലിറ്റേഷൻ യൂണിറ്റ് (എസ്പിഎഫ്യു) ഡയറക്ടറും സാങ്കേതിക സർവകലാശാല മുൻ ഡീനുമായിരുന്ന ഡോ. വൃന്ദ വി നായർ, കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രിൻസിപ്പൽ ഡോ. സി സതീഷ് കുമാർ എന്നിവരുടെ പേരാണ് പാനലിലുള്ളത്. പാനൽ പരിശോധിച്ച് ചാൻസലർ തീരുമാനം അറിയിക്കും.
കെടിയു ഇടക്കാല വിസിയായി ഡോ. സിസ തോമസിനെ ചട്ടവിരുദ്ധമായാണ് നിയമിച്ചതെന്ന ഹൈക്കോടതി വിധി പഠിച്ചശേഷമാണ് സർക്കാർ തുടർനടപടിയിലേക്ക് കടന്നത്. സർവകലാശാലയ്ക്കു കീഴിൽ 10 വർഷത്തെ പ്രൊഫസർഷിപ്പോ തത്തുല്യപദവിയിൽ ഗവേഷണമേഖലയിലോ അക്കാദമിക് അഡ്മിനസ്ട്രേറ്റീവ് ഓർഗനൈസേഷനിലോ 10 വർഷത്തെ പരിചയവുമാണ് യുജിസി വിസിമാർക്ക് നിർദേശിക്കുന്ന യോഗ്യത. ഇതനുസരിച്ചാണ് പാനലിന് രൂപം നൽകിയത്. കെടിയു വിസി ആരെന്ന് നിർദേശിക്കേണ്ടത് സർക്കാരാണെന്നും സർക്കാർ നൽകുന്ന പട്ടികയിൽനിന്നുമാത്രമേ വിസിമാരെ നിയമിക്കാവൂവെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു. സർക്കാർ നൽകിയ പട്ടികയെ മറികടന്നാണ് ഗവർണർ നേരത്തേ സിസ തോമസിനെ നിയമിച്ചത്. വിധി വന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും സ്ഥാനമൊഴിയാൻ ഇടക്കാല വിസി സിസ തോമസും തയ്യാറായിട്ടില്ല.















